തെറ്റ് ഏറ്റുപറയാന്‍ അവസരം; തിരുത്തിയില്ലെങ്കില്‍ കര്‍ശന നടപടി; പ്രായത്തട്ടിപ്പ് നടത്തി ടീമില്‍ കയറിയവര്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ 

തെറ്റ് ഏറ്റുപറയാന്‍ അവസരം; തിരുത്തിയില്ലെങ്കില്‍ കര്‍ശന നടപടി; പ്രായത്തട്ടിപ്പ് നടത്തി ടീമില്‍ കയറിവര്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ 
തെറ്റ് ഏറ്റുപറയാന്‍ അവസരം; തിരുത്തിയില്ലെങ്കില്‍ കര്‍ശന നടപടി; പ്രായത്തട്ടിപ്പ് നടത്തി ടീമില്‍ കയറിയവര്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ 

മുംബൈ: ടീമില്‍ ഇടം ലഭിക്കുന്നതിനായി വയസില്‍ കൃത്രിമത്വം കാണിച്ചുവെന്ന തെറ്റ് ഏതെങ്കിലും താരങ്ങള്‍ ഏറ്റുപറഞ്ഞാല്‍ അവര്‍ക്ക് പൊതുമാപ്പ് നല്‍കുമെന്ന് ബിസിസിഐ. തുറന്നു പറയാന്‍ അവസരം നല്‍കിയിട്ടും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ താരങ്ങളെ രണ്ട് വര്‍ഷത്തേത്ത് സസ്‌പെന്‍ഡ് ചെയ്യുമെന്നും ബിസിസിഐ വ്യക്തമാക്കി. 2020- 21 സീസണ്‍ മുതല്‍ ബോര്‍ഡിന്റെ പ്രായ ഗ്രൂപ്പ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന എല്ലാ ക്രിക്കറ്റ് കളിക്കാര്‍ക്കും ഈ നടപടികള്‍ ബാധകമാകുമെന്നും ബിസിസിഐ പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. 

വ്യാജ രേഖകള്‍ സമര്‍പ്പിച്ച് തങ്ങളുടെ ജനനത്തീയതിയില്‍ കൃത്രിമം കാണിച്ചുവെന്ന് സ്വമേധയാ വെളിപ്പെടുത്തുന്ന കളിക്കാരെ സസ്‌പെന്‍ഡ് ചെയ്യില്ല. അവരുടെ യഥാര്‍ത്ഥ ജനനത്തീയതി വെളിപ്പെടുത്തിയാല്‍ ആ പ്രായപരിധിയിലുള്ള ടീമില്‍ കളിക്കാന്‍ അനുവദിക്കുമെന്ന് ബിസിസിഐ പറയുന്നു. 

ഇതുമായി ബന്ധപ്പെട്ട് താരങ്ങള്‍ 2020 സെപ്റ്റംബര്‍ 15ന് മുമ്പ് അവരുടെ യഥാര്‍ത്ഥ ജനന തീയതി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണം. താരങ്ങള്‍ ഒപ്പിട്ട കത്ത് അല്ലെങ്കില്‍ ഇമെയില്‍ വഴി രേഖകള്‍ ബിസിസിഐ ഏജ് വെരിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് സമര്‍പ്പിക്കേണ്ടത്. 

ഇപ്പോള്‍ പുറത്തിറക്കിയ നിര്‍ദ്ദേശം താരങ്ങള്‍ പാലിക്കാതെ ഇരിക്കുകയും പിന്നീട് പ്രായത്തട്ടിപ്പില്‍ കുറ്റക്കാരാവുകയും ചെയ്താല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബിസിസിഐ ഉന്നതാധികാര സമിതി വ്യക്തമാക്കി. മാത്രമല്ല ഇത്തരം തട്ടിപ്പ് തുടരുന്ന താരങ്ങളെ കണ്ടെത്തിയാല്‍ അവര്‍ക്ക് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷവും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കില്ലെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കുന്നു. 

അണ്ടര്‍ 16 ടീമില്‍ കളിക്കാനുള്ള താരങ്ങളുടെ പ്രായ പരിധി 14നും 16നും ഇടയിലായിരിക്കും. പ്രായപരിധിയിലെ തട്ടിപ്പുകള്‍ തടയാന്‍ ബിസിസിഐ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം. 

അടുത്ത് ആരംഭിക്കാനിരിക്കുന്ന ആഭ്യന്തര സീസണ്‍ ലക്ഷ്യമിട്ടാണ് ബിസിസിഐയുടെ പുതിയ നീക്കം. പ്രായ തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്ന ആര്‍ക്കും അത് റിപ്പോര്‍ട്ട് ചെയ്യാം. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ കൗണ്ടറും ബിസിസിഐ ആരംഭിക്കും. പ്രായം സംബന്ധിച്ച് കളിക്കാര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com