'ഔട്ട് ആയിട്ടും നോട്ട് ഔട്ട് വിളിച്ചു, സച്ചിന്‍ അവിടെ സെഞ്ചുറി നേടി, എന്നാലും 91ല്‍ നില്‍ക്കെ പുറത്താക്കിയതാവും നിങ്ങളോര്‍ക്കുക'

ടൗഫലിന്റെ പിഴവിന് സച്ചിന്‍ ഇരയായപ്പോള്‍ ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുമായി സംസാരിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ടൗഫല്‍
'ഔട്ട് ആയിട്ടും നോട്ട് ഔട്ട് വിളിച്ചു, സച്ചിന്‍ അവിടെ സെഞ്ചുറി നേടി, എന്നാലും 91ല്‍ നില്‍ക്കെ പുറത്താക്കിയതാവും നിങ്ങളോര്‍ക്കുക'

ക്രിക്കറ്റില്‍ മികവ് കാണിച്ച അമ്പയര്‍മാരിലേക്ക് നോക്കിയാല്‍ സൈമണ്‍ ടൗഫല്‍ ആ നിരയിലുണ്ടാവും. തുടരെ അഞ്ച് വട്ടമാണ് ഐസിസിയുടെ അമ്പയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്. എങ്കിലും ഏത് മനുഷ്യനും അബദ്ധം പിണയുമല്ലോ...അങ്ങനെ ടൗഫലിന്റെ പിഴവിന് സച്ചിന്‍ ഇരയായപ്പോള്‍ ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുമായി സംസാരിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ടൗഫല്‍ ഇപ്പോള്‍. 

സച്ചിന്റെ കാര്യത്തില്‍ ഒന്നിലധികം വട്ടം പിഴവ് പറ്റിയിട്ടുണ്ടെന്ന് സൈമണ്‍ ടൗഫല്‍ പറയുന്നു. 2007ലെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 91 റണ്‍സില്‍ നില്‍ക്കെ സച്ചിനെ ടൗഫല്‍ ഔട്ട് വിളിച്ചിരുന്നു. കോളിങ്വുഡിന്റെ ഡെലിവറിയില്‍ ഷോള്‍ഡര്‍ കൊണ്ട് നേരിട്ടതോടെയാണ് ടൗഫല്‍ സ്റ്റംപിന് നേരെയെന്ന് കണക്കാക്കി ഔട്ട് വിധിച്ചത്. 

അന്ന് എന്റെ തീരുമാനത്തില്‍ സച്ചിന്‍ സന്തുഷ്ടനായിരുന്നില്ല. ഔട്ട് വിളിച്ചതിന് ശേഷം കുറച്ച് സമയം ക്രീസില്‍ നിന്നാണ് സച്ചിന്‍ മടങ്ങിയത്. എന്നാല്‍ റിപ്ലേകളില്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് പന്ത് പോവുന്നത് വ്യക്തമായി. ഇതോടെ ക്രിക്കറ്റ് ലോകത്തെ പ്രതികരണം എനിക്കെതിരാവും എന്ന് ഉറപ്പായിരുന്നു. അതോടെ പത്രങ്ങളും സൈറ്റുകളുമൊന്നും ഞാന്‍ വായിച്ചില്ല, ടൗഫല്‍ പറയുന്നു. 

തൊട്ടടുത്ത ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോള്‍ സച്ചിനെ കണ്ടു. ഇന്നലെ എനിക്ക് തെറ്റ് സംഭവിച്ചു, നിങ്ങള്‍ക്ക് അറിയാമല്ലോ...ഞാന്‍ സച്ചിനോട് പറഞ്ഞു. എനിക്ക് അറിയാം സൈമണ്‍. നിങ്ങളൊരു നല്ല അമ്പയറാണ്. നിങ്ങള്‍ക്ക് അധികം പിഴവുകള്‍ സംഭവിക്കില്ല. പ്രശ്‌നമൊന്നുമില്ല. അതിനെ കുറിച്ച് പ്രയാസപ്പെടേണ്ടതില്ല, സച്ചിന്‍ എന്നോട് പറഞ്ഞു. 

ആ സംഭാഷണത്തോടെ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ആശ്വാസം തോന്നി. അങ്ങനെ ഒരു പിഴവ് ആവര്‍ത്തിക്കരുത് എന്നതായിരുന്നു അന്ന് മുതല്‍ എന്റെ ലക്ഷ്യം. സച്ചിനോട് സംസാരിക്കുക വഴി ഇനി അങ്ങനെയൊന്ന് ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പിക്കുന്നതായി സച്ചിനും ബോധ്യമായിട്ടുണ്ടാവും. അന്ന് മുതല് ഞങ്ങള്‍ക്കിടയിലുള്ള പരസ്പര ബഹുമാനവും വിശ്വാസവും വര്‍ധിച്ചു. 

എന്നാല്‍ സച്ചിന്‍ ഔട്ട് ആയിട്ടും താന്‍ നോട്ടൗട്ട് വിധിച്ച സമയമുണ്ടെന്നും ടൗഫല്‍ പറഞ്ഞു. 2005ലെ ശ്രീലങ്കക്കെതിരായ ടെസ്റ്റിലാണ് അത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സച്ചിന്റെ പാഡില്‍ കൊണ്ടു. എന്നാല്‍ ഞാന്‍ നോട്ട് ഔട്ട് വിളിച്ചു. ആ കളിയില്‍ സച്ചിന്‍ സെഞ്ചുറി നേടി. സച്ചിന്റെ റെക്കോര്‍ഡ് ബ്രേക്കിങ് സെഞ്ചുറിയായിരുന്നു അത്. എന്നാല്‍ അന്ന് സച്ചിനെ സെഞ്ചുറി നേടാന്‍ ഞാന്‍ സഹായിച്ചതിനെ കുറിച്ച് ബഹളങ്ങളൊന്നുമുണ്ടായില്ല. 91ല്‍ നില്‍ക്കെ സച്ചിനെ പുറത്താക്കിയത് മാത്രമാവും അവര്‍ക്ക് ഓര്‍മ, സച്ചിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com