മുൻ ഇന്ത്യൻ ഫുട്ബോൾ താരം മനിതോംബി സിങ് അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്ബോൾ താരം മനിതോംബി സിങ് അന്തരിച്ചു
മുൻ ഇന്ത്യൻ ഫുട്ബോൾ താരം മനിതോംബി സിങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്ബോൾ താരം ലെയ്ഷറാം മനിതോംബി സിങ് (40) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്ന മനിതോംബി സിങ് ഞായറാഴ്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധ താരമായിരുന്നു അദ്ദേഹം. ഭാര്യയും എട്ട് വയസുള്ള മകനുമുണ്ട്. 

സാൽഗോക്കർ എഫ്സിയുടേയും മോഹൻ ബഗാന്റേയും ജഴ്സി അണിഞ്ഞ താരമാണ് മനിതോംബി സിങ്. മോഹൻ ബഗാനായി അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടിയ താരം കൊൽക്കത്ത ക്ലബിന്റെ ക്യാപ്റ്റനുമായി. 2004ൽ മോഹൻ ബഗാനെ ഓൾ എയർലൈൻസ് ഗോൾഡ് കപ്പിലേക്ക് നയിച്ചതും മനിതോംബി സിങായിരുന്നു. 

1981 ജൂൺ പത്തിന് ഇംഫാലിൽ ജനിച്ച മനിതോംബി സിങ് ആർമി ബോയ്സിലൂടെയാണ് കളി തുടങ്ങിയത്. പിന്നീട് രണ്ട് സീസണിൽ സർവീസസിന് വേണ്ടിയും അതിനു ശേഷം എയർ ഇന്ത്യക്ക് വേണ്ടിയും കളിച്ചു.

2002ൽ ബുസാൻ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹം അം​ഗമായിരുന്നു. 2002ൽ എൽജി കപ്പ് നേടി ഇന്ത്യയുടെ അണ്ടർ 23 ടീം ചരിത്രമെഴുതിയപ്പോഴും മനിതോംബിയുടെ പങ്ക് നിർണായകമായി. ഫൈനലിൽ വിയറ്റ്നാമിനെ തോൽപ്പിച്ചായിരുന്നു അന്ന് ഇന്ത്യയുടെ കിരീട നേട്ടം.

2012 മുതൽ മണിപ്പൂർ സ്റ്റേറ്റ് ലീഗിൽ കളിക്കുന്ന മനിതോംബി തുടക്കത്തിൽ നെരോക്ക എഫ്സിയുടെ താരമായിരുന്നു. 2014 ൽ നെരോക്ക എഫ്സിയുടെ ലീഗ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. 2015-16 സീസണിൽ മനിതോംബി സ്റ്റേറ്റ് ലീഗിലെ മറ്റൊരു ടീമായ അനൗബ ഇമാഗി മംഗളിലേക്ക് മാറി. വിരമിച്ചതിനു ശേഷം മംഗളിന്റെ പരിശീലകനായും മനിതോംബി രം​ഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com