'ഇന്ത്യയെ വില്‍ക്കാന്‍ വെച്ചതല്ല'- ഹിറ്റ്‌ലറുടെ മുഖത്ത് നോക്കി അക്ഷോഭ്യനായി ധ്യാന്‍ ചന്ദ് പറഞ്ഞു

'ഇന്ത്യയെ വില്‍ക്കാന്‍ വെച്ചതല്ല'- ഹിറ്റ്‌ലറുടെ മുഖത്ത് നോക്കി അക്ഷോഭ്യനായി ധ്യാന്‍ ചന്ദ് പറഞ്ഞു
'ഇന്ത്യയെ വില്‍ക്കാന്‍ വെച്ചതല്ല'- ഹിറ്റ്‌ലറുടെ മുഖത്ത് നോക്കി അക്ഷോഭ്യനായി ധ്യാന്‍ ചന്ദ് പറഞ്ഞു

ന്യൂഡല്‍ഹി: ലോകം കണ്ട എക്കാലത്തേയും മികച്ച ഹോക്കി താരമായിരുന്നു ഇന്ത്യന്‍ ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദ്. ഹോക്കിയിലെ മാന്ത്രികനെന്ന വിശേഷണമുള്ള അദ്ദേഹം തന്റെ കളി മികവിനാല്‍ സാക്ഷാല്‍ ആഡോല്‍ഫ് ഹിറ്റ്‌ലറെ വരെ അമ്പരപ്പിച്ചിരുന്നു. ധ്യാന്‍ ചന്ദ് കളിച്ച കാലഘട്ടത്തില്‍ ഹോക്കിയില്‍ ഇന്ത്യ മുടിചൂടാമന്നന്‍മാരായിരുന്നു. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടമെന്നാണ് അക്കാലത്തെ വിശേഷിപ്പിക്കുന്നത്. 

1928 മുതല്‍ 1956 വരെയുള്ള കാലത്ത് ആറ് തവണയാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം സ്വന്തമാക്കിയത്. അതില്‍ തന്നെ 1936ല്‍ ജര്‍മനിയിലെ ബര്‍ലിനില്‍ നടന്ന ഒളിംപിക്‌സില്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ സാക്ഷി നിര്‍ത്തി ജര്‍മനിയെ കീഴടക്കിയാണ് ഇന്ത്യ സ്വര്‍ണം നേടിയത് എന്നത് കൂടി അറിയുമ്പോഴാണ് അതിന്റെ മൂല്യം ഉന്നതമായി നില്‍ക്കുന്നത്. 

ഹിറ്റ്‌ലര്‍ക്കൊപ്പം 40,000 വരുന്ന ജര്‍മന്‍ ആരാധകരെയും അന്ന് ഇന്ത്യ സ്തബ്ധരാക്കി. ഇന്ത്യയുടെ കിരീട നേട്ടം ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു! അതില്‍ ആറ് ഗോളുകളും പിറന്നത് ധ്യാന്‍ ചന്ദിന്റെ സ്റ്റിക്കില്‍ നിന്ന്! മത്സര ശേഷം സംഭവിച്ചത് അതിലും വലിയ കാര്യങ്ങളായിരുന്നു.

ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപ്പെട്ട അന്നത്തെ സംഭവങ്ങള്‍ സ്മരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ സയ്യീദ് അലി സിബ്‌റ്റെയ്ന്‍ നഖ്‌വി. 

ഫൈനലിലെ ഇന്ത്യയുടെ അസാമാന്യ പ്രകടനം കണ്ട്, പ്രത്യേകിച്ച് ധ്യാന്‍ ചന്ദിന്റെ മാന്ത്രികമായ കളിയില്‍ ഹിറ്റ്‌ലര്‍ ആകൃഷ്ടനായി മാറിയെന്ന് മുന്‍ പരിശീലകന്‍ പറയുന്നു. കിരീടം സമ്മാനിക്കുന്ന വേളയില്‍ ഹിറ്റ്‌ലര്‍ പരസ്യമായി ധ്യാന്‍ ചന്ദിന് സല്യൂട്ട് നല്‍കി അദ്ദേഹത്തോട് ജര്‍മന്‍ സൈന്യത്തില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചുവെന്ന് നഖ്‌വി അനുസ്മരിച്ചു. 

'മെഡല്‍ സമ്മാനിക്കുന്ന സമയത്താണ് ഹിറ്റ്‌ലര്‍ പരസ്യമായി ധ്യാന്‍ ചന്ദിനെ സല്യൂട്ട് ചെയ്ത് ഈ അഭ്യര്‍ത്ഥന നടത്തിയത്. ചോദ്യം കേട്ട ധ്യാന്‍ ചന്ദ് കുറച്ച് സെക്കന്‍ഡുകള്‍ നിശബ്ദനായി നിന്നു. ഈ സമയത്ത് സ്റ്റേഡിയം ഒന്നടങ്കം കനത്ത മൗനത്തിലായിരുന്നു. ധ്യാന്‍ ചന്ദ് ഈ വാഗ്ദാനം എങ്ങാനും നിരസിക്കുകയാണെങ്കില്‍ അദ്ദേഹത്തെ സ്വേച്ഛാധിപതിയായ ഹിറ്റ്‌ലര്‍ അപ്പോള്‍ തന്നെ വെടിവച്ച് കൊല്ലുമെന്ന ഭയം സ്‌റ്റേഡിയത്തിലിരുന്ന ഓരോ ജര്‍മന്‍ കാണിയിലുമുണ്ടായിരുന്നു'.

'അക്ഷോഭ്യനായി കണ്ണുകളടച്ച്, എന്നാല്‍ ഇന്ത്യന്‍ സൈനികന്റെ ഉറച്ച ശബ്ദത്തോടെ ധ്യാന്‍ ചന്ദ് മറുപടി പറഞ്ഞു. ഇന്ത്യയെ വില്‍ക്കാന്‍ വെച്ചതല്ല'.

'ധ്യാന്‍ ചന്ദിന്റെ പതറാതെയുള്ള മറുപടി കേട്ടതിന് പിന്നാലെ സ്റ്റേഡിയത്തെ മുഴുവന്‍ അമ്പരപ്പിച്ച് ഹിറ്റ്‌ലര്‍ ധ്യാന്‍ ചന്ദിനെ സല്യൂട്ട് ചെയ്തു. പിന്നാലെ അദ്ദേഹത്തിന് കൈ നല്‍കി പറഞ്ഞു. നിങ്ങളുടെ രാജ്യ സ്‌നേഹത്തിനും ദേശീയ ബോധത്തിനും ജര്‍മനിയെന്ന രാജ്യം മുഴുവന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഹോക്കിയുടെ മാന്ത്രികന്‍ എന്ന് ധ്യാന്‍ ചന്ദിനെ ബഹുമാനപൂര്‍വം ഹിറ്റ്‌ലര്‍ വിശേഷിപ്പിച്ചു'- നഖ്‌വി പറഞ്ഞു. ധ്യാന്‍ ചന്ദിനെ പോലെയുള്ള അപൂര്‍വം കളിക്കാര്‍ നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com