രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു, കോവിഡ് ബാധിച്ച ഇന്ത്യന്‍ ഹോക്കി താരത്തെ ആശുപത്രിയിലേക്ക് മാറ്റി

തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മന്ദീപിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് സാധാരണയില്‍ നിന്നും താഴേക്ക് പോയതായി കണ്ടെത്തിയത്
രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞു, കോവിഡ് ബാധിച്ച ഇന്ത്യന്‍ ഹോക്കി താരത്തെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച ഇന്ത്യന്‍ ഹോക്കി താരം മന്ദീപ് സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റി. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് മന്ദീപിനെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. 

എന്നാല്‍ മന്ദീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സായ് അറിയിച്ചു. തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മന്ദീപിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് സാധാരണയില്‍ നിന്നും താഴേക്ക് പോയതായി കണ്ടെത്തിയത്. കോവിഡ് വൈറസ് ആരോഗ്യനിലയെ കൂടുതല്‍ ബാധിക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്. ഇതോടെയാണ് മുന്‍കരുതലിന്റെ ഭാഗമായി മന്ദീപിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

മന്ദീപ് ഉള്‍പ്പെടെ ഇന്ത്യന്‍ ഹോക്കി ടീമിലെ ആറ് കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നായകന്‍ മന്‍പ്രീത് സിങ്, പ്രതിരോധ നിര താരം സുരേന്ദര്‍ കുമാര്‍, ജാസ്‌കരന്‍ സിങ്, ഡ്രാഗ് ഫഌക്കര്‍ വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ കൃഷന്‍ ബഹദൂര്‍ എന്നിവര്‍ക്കാണ് ബംഗളൂരുവിലെ ക്യാംപില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 

ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന ദേശീയ ക്യാമ്പിന്റെ ഭാഗമാവുന്നതിനായാണ് കളിക്കാര്‍ കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ബംഗളൂരുവിലേക്ക് എത്തിയത്. ഇന്ത്യക്കായി 129 കളികള്‍ക്കിറങ്ങിയ മന്ദീപ് 60 ഗോളുകള്‍ നേടിയിട്ടുണ്ട്. 2018ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ ഭാഗമായിരുന്നു മന്ദീപ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com