സ്റ്റുവര്‍ട്ട് ബ്രോഡിനുള്ളത് ഒന്നര ഭാഗം ശ്വാസകോശം, 14 വര്‍ഷത്തെ കരിയര്‍ ആസ്മയോട് മല്ലിട്ട്

തന്റെ നാലാം ഓവറില്‍ തന്നെ ഗ്രൗണ്ടിലേക്ക് ബ്രോഡ് ഇന്‍ഹെയ്‌ലര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു
സ്റ്റുവര്‍ട്ട് ബ്രോഡിനുള്ളത് ഒന്നര ഭാഗം ശ്വാസകോശം, 14 വര്‍ഷത്തെ കരിയര്‍ ആസ്മയോട് മല്ലിട്ട്

സതാംപ്ടണ്‍: പാകിസ്ഥാന് മേല്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം പക്ഷേ സ്റ്റുവര്‍ട്ട് ബ്രോഡിന് അസ്വസ്ഥതകളുണ്ടായി. തന്റെ നാലാം ഓവറില്‍ തന്നെ ഗ്രൗണ്ടിലേക്ക് ബ്രോഡ് ഇന്‍ഹെയ്‌ലര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

14 വര്‍ഷത്തെ ഇംഗ്ലണ്ടിന് വേണ്ടിയുള്ള കരിയറിന് ഇടയില്‍ അഞ്ച് വര്‍ഷം മുന്‍പ് മാത്രമാണ് സ്റ്റുവര്‍ട്ട് ബ്രോഡ് തനിക്ക് ആസ്മയുണ്ടെന്ന വിവരം സഹതാരങ്ങളെ പോലും അറിയിക്കുന്നത്. ആ സംഭവത്തെ കുറിച്ച് ബ്രോഡ് പറയുന്നത് ഇങ്ങനെ, ഒരു ദിവസം രാത്രി പരസ്പരം അറിയാത്ത രഹസ്യങ്ങള്‍ ടീം അംഗങ്ങള്‍ പങ്കുവെക്കാന്‍ ആരംഭിച്ചു. ഒന്നരഭാഗം ശ്വാസകോശം മാത്രമാണ് എനിക്കുള്ളതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടി. മൂന്ന് മാസം മുന്‍പേ ജനിച്ചതിന്റെ ഫലമാണ് അതെന്നും ബ്രോഡ് പറയുന്നു. 

ജനിച്ച സമയം എനിക്ക് വേണ്ടത്ര തൂക്കമോ വലിപ്പമോ ഉണ്ടായില്ല. മരണത്തിന്റെ വക്കിലായിരുന്നു ഞാന്‍. എന്റെ ശ്വാസകോശത്തിന്റെ ഒരുഭാഗം വളര്‍ന്നില്ല. അതോടെ ആസ്തമയും ഇന്‍ഹെയ്‌ലറും എനിക്കൊപ്പം കൂടി. എന്നാല്‍ കായിക താരം എന്ന നിലയില്‍ അതെന്നെ ഒരിക്കലും അലട്ടിയിട്ടില്ല. എന്നാല്‍ എന്റെ കരിയര്‍ മുഴുവന്‍ പകുതി ശ്വാസകോശം വെച്ചാണ് ഞാന്‍ കളിച്ചത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു, ബ്രോഡ് പറഞ്ഞു. 

രണ്ടാം ടെസ്റ്റില്‍ മഴ കളി മുടക്കിയ ആദ്യ ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. 13 ഓവറില്‍ നിന്ന് 31 റണ്‍സ് മാത്രം വഴങ്ങി ബ്രോഡ് ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. വിന്‍ഡിസിനെതിരായ ടെസ്റ്റില്‍ 500 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയും ബ്രോഡ് ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com