എംഎസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

എംഎസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
എംഎസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്ക് 2011ലെ ഏകദിന ലോകകപ്പും 2007ലെ പ്രഥമ ടി20 ലോകകപ്പും സമ്മാനിച്ച നായകനാണ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോനി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ്.

2019ലെ ഏകദിന ലോകകപ്പില്‍ കളിച്ച ശേഷം പിന്നീട് ഇന്ത്യന്‍ ടീമില്‍ ധോനി കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മുന്‍ നായകന്റെ അപ്രതീക്ഷിത പ്രഖ്യാപനം. 

ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെയാണ് ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായി വിരമിക്കല്‍ പ്രസ്താവനയില്‍ ധോനി വ്യക്തമാക്കി. ഇന്ന് രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്ന് ധോനി വ്യക്തമാക്കി.

 
 
 
 
 
 
 
 
 
 
 
 
 

Thanks a lot for ur love and support throughout.from 1929 hrs consider me as Retired

A post shared by M S Dhoni (@mahi7781) on

2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോനി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റം നടക്കുന്ന സമയത്ത് ടീമിന്റെ അമരത്തെത്തിയ ധോനി ഇന്ത്യൻ ക്രിക്കറ്റിനെ വിജയകരമായാണ് മുന്നോട്ടു നയിച്ചത്. 

രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ടി20 മത്സങ്ങളിലും ധോനി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റിൽ നിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ. 90 ടെസ്റ്റുകളിൽ നിന്ന് 38.09 ശരാശരിയിൽ 4876 റൺസ് നേടി. ഇതിൽ ആറ് സെഞ്ച്വറികളും 33 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്.

350 ഏകദിനങ്ങളിൽ നിന്ന് 50.57 റൺ ശരാശരിയിൽ 10,773 റൺസാണ് ധോനിയുടെ സമ്പാദ്യം. 10 സെ‍ഞ്ച്വറികളും 73 അർധ സെഞ്ച്വറികളും ഇതിലുൾപ്പെടുന്നു. കരിയറിന്റെ തുടക്ക കാലത്ത് പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്കോർ. 

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോനിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ഇതിനിടെ രണ്ട് ഏകദിനങ്ങളിൽ ബൗൾ ചെയ്ത ധോനി ഒരു വിക്കറ്റും നേടി. ഏകദിനത്തിലെ ബെസ്റ്റ് ഫിനിഷർ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ധോണി.

98 ടി20 മത്സരങ്ങളിൽ നിന്ന് 37.60 റൺ ശരാശരിയിൽ 1617 റൺസും ധോനി നേടി. ഇതിൽ രണ്ട് അർധ സെഞ്ച്വറികളുമുണ്ട്. ടി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോനിയുടെ പേരിലുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി ധോനിയെ കളത്തില്‍ വീണ്ടും കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com