മുടിയും വളർത്തി പിഞ്ച് ഹിറ്റർ റോളിൽ ഇന്ത്യൻ ടീമിലെത്തി; ഹെലികോപ്റ്റർ ഷോട്ടിലൂടെ മികച്ച ഫിനിഷറായി മാറിയ മിസ്റ്റർ കൂൾ നായകൻ

മുടിയും വളർത്തി പിഞ്ച് ഹിറ്റർ റോളിൽ ഇന്ത്യൻ ടീമിലെത്തി; ഹെലികോപ്റ്റർ ഷോട്ടിലൂടെ മികച്ച ഫിനിഷറായി മാറിയ മിസ്റ്റർ കൂൾ നായകൻ
മുടിയും വളർത്തി പിഞ്ച് ഹിറ്റർ റോളിൽ ഇന്ത്യൻ ടീമിലെത്തി; ഹെലികോപ്റ്റർ ഷോട്ടിലൂടെ മികച്ച ഫിനിഷറായി മാറിയ മിസ്റ്റർ കൂൾ നായകൻ

2004ൽ ബം​​ഗ്ലാദേശിനെതിരായ ഏകദിന പോരാട്ടത്തിൽ ഇന്ത്യക്കായി അരങ്ങേറി, പിന്നീട് രാജ്യത്തെ വിശ്വ വിജയങ്ങളിലേക്ക് നയിച്ച അതികായനായ നായകനായി വളർന്ന സംഭവബഹുലമായ കരിയറിനുടമയാണ് മഹേന്ദ്ര സിങ് ധോനി. ക്യാപ്റ്റനെന്ന നിലയിൽ മിസ്റ്റർ കൂൾ എന്ന പേരിൽ അറിയപ്പെട്ട ധോനി ഐസിസിയുടെ ഏക​ദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി കിരീട വിജയങ്ങളിലേക്ക് നയിച്ച ലോക ക്രിക്കറ്റിലെ ഓരേയൊരു നായകനെന്ന അനുപമ റെക്കോർഡിനും ഉടമയാണ്. 

മുടിയും നീട്ടി റാഞ്ചിയിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് കടന്നു വന്ന മഹി പിഞ്ച് ഹിറ്ററായി തുടങ്ങി പിന്നീട് ഫിനിഷർ റോളിലേക്ക് ചുവടുമാറ്റി ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനായി വളർന്ന താരമാണ്. 2005-ൽ വിശാഖപട്ടണത്ത് പാകിസ്ഥാനെതിരായ സെഞ്ച്വറിയോടെ തന്റെ വരവറിയിച്ച ധോനി പിന്നീട് 2005-ൽ സിംബാബ്‌വെയ്‌ക്കെതിരേ 255 റൺസെന്ന വിജയ ലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യ അഞ്ചിന് 91 റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ടപ്പോൾ 63 പന്തിൽ 67 റൺസുമായി തിളങ്ങി. അന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ച ധോനി തന്റെ ഫിനിഷിങ് മികവ് ക്രിക്കറ്റ് ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു. 

ധോനിയുടെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സായി കണക്കാക്കുന്നത് 2011 ഏപ്രിൽ രണ്ടിന് മുംബൈയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരേ പുറത്തെടുത്ത പ്രകടനമാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലേക്ക് ധോനിയും അദ്ദേഹത്തിന്റെ ആ ഹെലിക്കോപ്റ്റർ ഷോട്ടും നടന്നു കയറിയ ഇന്നിങ്‌സ്. 28 വർഷത്തിനു ശേഷം ഇന്ത്യ ലോക കിരീടത്തിൽ മുത്തമിട്ടതും ആ ഇന്നിങ്‌സോടെയാണ്. ആ ലോകകപ്പ് ടൂർണമെന്റിൽ ധോനിയുടെ ബാറ്റ് കാര്യമായ ശബ്ദമൊന്നും ഉണ്ടാക്കിയിരുന്നില്ല. 

ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 275 റൺസെന്ന വിജയ ലക്ഷ്യം പിന്തുടരവെ ഇന്ത്യ മൂന്നിന് 114 റൺസെന്ന നിലയിലേക്ക് വീണു. കളി എങ്ങോട്ടു വേണമെങ്കിലും തിരിയാമെന്ന ഘട്ടത്തിലാണ് യുവ്‌രാജിന് പകരം ധോനി സ്വയം പ്രൊമോട്ട് ചെയ്ത് നാലാം നമ്പറിലെത്തുന്നത്. ഗംഭീറിനൊപ്പം സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്‌കോർ ബോർഡ് ചലിപ്പിച്ച ധോനി. ഗംഭീർ പുറത്തായ ശേഷം ഇന്നിങ്‌സിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു. ഒടുവിൽ 10 പന്തുകൾ ശേഷിക്കെ കുലശേഖരയെ വാംഖഡെയുടെ ഗാലറിയിലേക്ക് പറത്തി ധോനി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. 79 പന്തിൽ 91 റൺസുമായി ധോനി പുറത്താകാതെ നിന്നു.

2005-ൽ ശ്രീലങ്ക ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ ധോനി ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഒക്ടോബർ 31-ന് ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ മൂന്നാം ഏകദിനമായിരുന്നു വേദി. ആദ്യം ബാറ്റ് ചെയ്ത ലങ്ക കുമാർ സംഗക്കാരയുടെ ശതകത്തിന്റെ മികവിൽ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. 

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ സച്ചിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. വീണ്ടും ധോനി മൂന്നാം നമ്പറിൽ ബാറ്റിങ്ങിനെത്തി. വന്നപാടേ ധോനി കത്തിക്കയറി. കൃത്യമായ ഇടവേളകളിൽ ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കുന്നതൊന്നും തന്നെ ധോനിയെ ബാധിച്ചില്ല. ഒടുവിൽ 46-ാം ഓവറിലെ ആദ്യ പന്തിൽ ഇന്ത്യ വിജയ റൺ കുറിക്കുമ്പോഴും ധോനി പുറത്താകാതെ ക്രീസിലുണ്ടായിരുന്നു. 145 പന്തുകളിൽ നിന്ന് 15 ഫോറും 10 പടുകൂറ്റൻ സിക്‌സറും സഹിതം 183 റൺസോടെ അദ്ദേഹം പുറത്താകാതെ നിന്നു. ഏകദിനത്തിൽ ഒരു വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്‌കോർ എന്ന റെക്കോർഡും ഈ മത്സരത്തിൽ ധോനി സ്വന്തമാക്കി.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ പന്തിൽ റണ്ണൗട്ട് 12, 7*, 3 എന്നിങ്ങനെയായിരുന്നു പിന്നീടുള്ള മത്സരങ്ങളിലെ ധോനിയുടെ സ്‌കോറുകൾ. പിഞ്ച് ഹിറ്ററെന്ന ലേബലിൽ ടീമിലെത്തിയ ധോനിക്ക് തന്റെ യാഥാർഥ കളി പുറത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ 2005 ഏപ്രിൽ അഞ്ചിന് പാകിസ്താനെതിരേ നടന്ന പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ധോനിയെ മൂന്നാം നമ്പറിൽ ബാറ്റിങ്ങിന് ഇറക്കാൻ ക്യാപ്റ്റൻ ഗാംഗുലി തീരുമാനിച്ചു. 

സച്ചിൻ പുറത്തായതോടെ സെവാഗിന് കൂട്ടായി ധോനിയെത്തി. പിന്നീട് പാക് ബൗളർമാർക്ക് ആർക്കും നിലംതൊടാൻ സാധിച്ചില്ല. ധോനിയും സെവാഗും മത്സരിച്ച് തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. ഇടയ്ക്ക് വെച്ച് സെവാഗിനെ നഷ്ടപ്പെട്ടെങ്കിലും ധോനി അതൊന്നും ശ്രദ്ധിക്കാതെ കടന്നാക്രമണം തുടർന്നു. തന്റെ കന്നി ഏകദിന സെഞ്ചുറി കുറിച്ച താരം 123 പന്തുകൾ നേരിട്ട് നാലു സിക്‌സും 15 ബൗണ്ടറികളുമടക്കം 148 റൺസെടുത്തു. ധോനിയുടെ മികവിൽ 356 റൺസെടുത്ത ഇന്ത്യ മത്സരത്തിൽ 58 റൺസിന്റെ ജയവും സ്വന്തമാക്കി. 

ടീം തകർച്ച നേരിടുന്ന ഘട്ടങ്ങളിൽ ധോനി എങ്ങനെ താങ്ങാകുന്നു എന്നതിന് ഏറ്റവും ഉദാഹരണമായ ഇന്നിങ്‌സ്. ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പന്തുമായി ജുനൈദ് ഖാൻ ആഞ്ഞടിച്ചതോടെ ഇന്ത്യൻ നിര തകർന്നു. 9.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിൽ ഇന്ത്യ നാണക്കേടിന്റെ വക്കിൽ നിൽക്കുമ്പോഴാണ് ധോനി ക്രീസിലെത്തുന്നത്. 

ആദ്യം സുരേഷ് റെയ്‌നയെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തിയ ധോനി പിന്നീട് ആർ അശ്വിനൊപ്പവും ഇന്ത്യൻ ഇന്ന്ങ്‌സ് മുന്നോട്ടു നയിച്ചു. അഞ്ചിന് 29 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ ധോനിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റിന് 227 റൺസെടുത്തു. 125 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമായി ധോനി പുറത്താകാതെ നിന്നു. മത്സരം ഇന്ത്യ ആറ് വിക്കറ്റിന് തോറ്റെങ്കിലും ധോനിയുടെ ആ ഇന്നിങ്‌സ് ശ്രദ്ധേയമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com