ഐപിഎൽ സ്പോൺസറാകാൻ ടാറ്റ സൺസ്? ബൈജൂസ് അടക്കമുള്ള കമ്പനികളും രം​ഗത്ത്

ഐപിഎൽ സ്പോൺസറാകാൻ ടാറ്റ സൺസ്? ബൈജൂസ് അടക്കമുള്ള കമ്പനികളും രം​ഗത്ത്
ipl
ipl

മുംബൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ അടുത്ത മാസം യുഎഇയില്‍ തുടങ്ങാനിരിക്കെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ബിസിസിഐ. ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോയെ ഒഴിവാക്കാത്തത് ആരാധകര്‍ക്കിടയില്‍ രോഷത്തിന് കാരണമായിരുന്നു. ചൈനീസ് കമ്പനിയെ ഒഴിവാക്കിയില്ലെങ്കില്‍ ഐപിഎല്‍ ബഹിഷ്‌കരിക്കുമെന്ന് ആരാധകര്‍ വ്യക്തമാക്കിയതോടെയാണ് വിവോയെ മാറ്റിയത്. 

ഇതോടെ പ്രതിസന്ധി നേരിട്ട ബിസിസഐ മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. അതിനിടെ ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി സ്‌പോണ്‍സര്‍മാരാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് ഇന്ത്യന്‍ കമ്പനികള്‍ എത്തിയില്ലെങ്കില്‍ ഏറ്റെടുക്കുമെന്ന് രാംദേവ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. 

ഇപ്പോഴിതാ ടാറ്റ സണ്‍സ് കമ്പനി ഐപിഎല്ലിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാനായി ടാറ്റ സണ്‍സിനെ കൂടാതെ ബൈജൂസ്, റിലയന്‍സ് ജിയോ, ഡ്രീം 11, യുഎന്‍അക്കാഡമി കമ്പനികളും ശക്തമായി രംഗത്തുണ്ട്. സ്‌പോണ്‍സറാകാനുള്ള ശ്രമത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ടാറ്റയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളിലുള്ളത്.

ബിസിസിഐക്ക് കനത്ത നഷ്ടമാണ് വിവോയെ ഒഴിവാക്കിയപ്പോള്‍ സംഭവിച്ചത്. ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി വിവോ ബിസിസിഐക്ക് 440 കോടി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. 

പുതിയ കമ്പനി എത്തിയാലും വിവോ നല്‍കിയിരുന്ന തുക ബിസിസിഐക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. കോവിഡ് പശ്ചാത്തലത്തില്‍ കമ്പനികള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതും കണക്കിലെടുത്ത് ബിസിസിഐ തുകയില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുമെന്ന് ഉറപ്പ്. 300- 400 കോടിയുടെ ഇടയിലൊരു തുക മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്യുമെന്ന പ്രതീക്ഷയും ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com