ബാഴ്‌സലോണയെ ഉടച്ചു വാര്‍ക്കാന്‍, തന്ത്രമോതാന്‍ വരുന്നു ഇതിഹാസ താരം; ഗുഡ്‌ബൈ സെറ്റിയന്‍

ബാഴ്‌സലോണയെ ഉടച്ചു വാര്‍ക്കാന്‍, തന്ത്രമോതാന്‍ വരുന്നു ഇതിഹാസ താരം; ഗുഡ്‌ബൈ സെറ്റിയന്‍
ബാഴ്‌സലോണയെ ഉടച്ചു വാര്‍ക്കാന്‍, തന്ത്രമോതാന്‍ വരുന്നു ഇതിഹാസ താരം; ഗുഡ്‌ബൈ സെറ്റിയന്‍

മാഡ്രിഡ്: ഒടുവില്‍ ബാഴ്‌സലോണ ഔദ്യോഗികമായി തന്നെ പരിശീലകന്‍ ക്വിക്കെ സെറ്റിയനെ പുറത്താക്കി. ഇക്കാര്യം വ്യക്തമാക്കി അവര്‍ പ്രസ്താവനയും പുറത്തിറക്കി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെതിരെ 8-2ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സെറ്റിയന്റെ പുറത്താകല്‍ ഉറപ്പായ കാര്യമായിരുന്നു. എന്നാല്‍ ഇപ്പോഴാണ് അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. 

സെറ്റിയന്റെ പുറത്താകലിന് പിന്നാലെ ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി നിലവിലെ ഹോളണ്ട് പരിശീലകനും ബാഴ്‌സലോണയുടെ ഇതിഹാസ താരവുമായ റൊണാള്‍ഡ് കോമാന്‍ വരുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇക്കാര്യത്തിലും ഇനി ഔദ്യോഗിക സ്ഥിരീകരണം വരണ്ട കാര്യമേയുള്ളു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹോളണ്ട് കോച്ചിന്റെ സ്ഥാനം കോമാന്‍ രാജിവച്ചതായും അടുത്ത ആഴ്ചയോടെ കോമാന്‍ നൗകാമ്പിലെത്തി സ്ഥാനമേല്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തെ കരാറാണ് കോമാന് ക്ലബ് നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ ടോട്ടനം പരിശീലകന്‍ മൗറീസിയോ പൊചെറ്റിനോ മുന്‍ ഇതിഹാസ മധ്യനിര ഷാവി എന്നിവരുടെ പേരുകളും കോമാനൊപ്പം ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇരുവരും തള്ളിപ്പോകുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

പുതിയ പരിശീലകന്‍ വരുന്നതോടെ ക്ലബില്‍ ഉടനീളം മാറ്റങ്ങള്‍ വരുമെന്ന് ബാഴ്‌സയോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജെറാര്‍ഡ് പിക്വെ, ലൂയീസ് സുവാരസ് അടക്കമുള്ളവര്‍ ഇനി ടീമിലുണ്ടാകുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com