സിറ്റിയെ പുറത്താക്കിയ അടവ് ഇവിടെ ഫലിച്ചില്ല; ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍-പിഎസ്ജി ഫൈനല്‍ പോര്

മാഞ്ചസ്റ്റര്‍ സിറ്റിയെ കെട്ടുകെട്ടിച്ചത് ആവര്‍ത്തിക്കാന്‍ പ്രതിരോധ കോട്ട കെട്ടി എത്തിയ ലിയോണിന് ബയേണിന്റെ വേഗതയ്ക്കും കരുത്തിനും പിന്നില്‍ പിടിച്ചു നില്‍ക്കാനായില്ല
സിറ്റിയെ പുറത്താക്കിയ അടവ് ഇവിടെ ഫലിച്ചില്ല; ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍-പിഎസ്ജി ഫൈനല്‍ പോര്

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍-ഫ്രഞ്ച് പോര്. ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ബയേണ്‍ ഫൈനലിലേക്ക് കുതിച്ചത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ മാന്വല്‍ നോയറിന്റെ സംഘം പിഎസ്ജിയെ നേരിടും. 

മിന്നും ഫോം നിലനിര്‍ത്തിയ ബയേണ്‍ ലിയോണിന്റെ അട്ടിമറി പ്രതീക്ഷകള്‍ക്ക് ഇടം കൊടുത്തില്ല. ഇരട്ട പ്രഹരത്തിലൂടെ നെബ്‌റി ആക്രമണത്തിന് മുന്‍പില്‍ നിന്നു. 18ാം മിനിറ്റില്‍ അഞ്ച് പ്രതിരോധക്കാരെ വെട്ടിച്ചാണ് നെബ്‌റി ഗോള്‍ വല കുലുക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയെ കെട്ടുകെട്ടിച്ചത് ആവര്‍ത്തിക്കാന്‍ പ്രതിരോധ കോട്ട കെട്ടി എത്തിയ ലിയോണിന് ബയേണിന്റെ വേഗതയ്ക്കും കരുത്തിനും പിന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 

33ാം മിനിറ്റില്‍ ബയേണിന്റെ ലീഡ് ഉയര്‍ത്തി വീണ്ടും നെബ്‌റി എത്തി. ലെവന്‍ഡോവ്‌സ്‌കി അവസരം പാഴാക്കിയപ്പോള്‍ നെബ്‌റി വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഗോള്‍ വലയിലേക്ക് പന്ത് തിരിച്ചുവിട്ടു. 88ാം മിനിറ്റില്‍ ബയേണിന്റെ മൂന്നാം ഗോള്‍. ഹെഡറിലൂടെ ലെവന്‍്‌ഡോവ്‌സ്‌കിയാണ് ഗോള്‍ വല കുലുക്കിയത്. 

ഗോള്‍ വല കുലുക്കാനുള്ള അവസരങ്ങള്‍ മുതലാക്കാന്‍ ലിയോണിന് സാധിച്ചില്ല. ടാര്‍ഗറ്റിലേക്ക് ഷോട്ട് ഉതിര്‍ക്കുന്നതിലും പന്ത് കൈവശം വെക്കുന്നതിലും, പാസുകളുടെ കൃത്യതയിലും ലിയോണിനേക്കാള്‍ ബയേണ്‍ ബഹുദൂരം മുന്‍പില്‍ നിന്നു. ഫൈനലില്‍ എംബാപ്പെ, നെയ്മര്‍ എന്നിവരുടെ വേഗപ്പോരിന് മുന്‍പില്‍ ബയേണിന്റെ നിശ്ചയദാര്‍ഡ്യം ജയിച്ചു കയറുമോ എന്നാണ് ഇനി അറിയേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com