കന്നി ശതകം ഇരട്ട സെഞ്ച്വറിയിൽ എത്തിച്ച് ക്രാവ്‌ലി; കട്ടയ്ക്ക് കൂടെ നിന്ന് ബട്‌ലര്‍; ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്

കന്നി ശതകം ഇരട്ട സെഞ്ച്വറിയിലെത്തിച്ച് ക്രാവ്‌ലി; കട്ടയ്ക്ക് കൂടെ നിന്ന് ബട്‌ലര്‍; ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്
കന്നി ശതകം ഇരട്ട സെഞ്ച്വറിയിൽ എത്തിച്ച് ക്രാവ്‌ലി; കട്ടയ്ക്ക് കൂടെ നിന്ന് ബട്‌ലര്‍; ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്

സതാംപ്ടന്‍: പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടാം ദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 470 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ഇരട്ട ശതകത്തിലെത്തിച്ച സാക് ക്രാവ്‌ലിയും ശതകവുമായി ജോസ് ബട്‌ലറും ഉജ്ജ്വലമായി ബാറ്റ് വീശുന്നതാണ് ഇംഗ്ലണ്ടിന് കരുത്തായി മാറിയത്. 

ക്രാവ്‌ലി 386 പന്തുകള്‍ നേരിട്ട് 261 റണ്‍സും ജോസ് ബട്‌ലര്‍ 268 പന്തില്‍ 135 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. അഞ്ചാം വിക്കറ്റില്‍ 343 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ മഴ കളി തടസപ്പെടുത്തിയിരുന്നു. മഴ മാറി മത്സരം വീണ്ടും തുടങ്ങിയപ്പോള്‍ ഇരുവരുടേയും പോരാട്ട വീര്യത്തെ പക്ഷേ അതൊന്നും ബാധിച്ചില്ല. 

ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 127 റണ്‍സ് എന്ന നിലയില്‍ ഒരു ഘട്ടത്തില്‍ തകര്‍ന്ന് പോയിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ ക്രാവ്‌ലി- ബട്‌ലര്‍ സഖ്യമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. 

റോറി ബേണ്‍സ് (6), ഡോം സിബ്ലെ (22), ജോ റൂട്ട് (29), ഒലി പോപ്പ് (3) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പാകിസ്താനായി യാസിര്‍ ഷാ രണ്ട് വിക്കറ്റ് നേടി. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ടാം ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com