ഓഫ് സൈഡ് വിളിച്ച പന്ത് പോലും വലയില്‍ കയറാന്‍ അനുവദിക്കാതെ നൂയര്‍; ​ഗോൾ പോസ്റ്റിൽ പടര്‍ന്നു പന്തലിച്ച മനുഷ്യന്‍ (വീഡിയോ)

ഓഫ് സൈഡ് വിളിച്ച പന്ത് പോലും വലയില്‍ കയറാന്‍ അനുവദിക്കാതെ നൂയര്‍; വലയ്ക്ക് മുന്നില്‍ പടര്‍ന്നു പന്തലിച്ച മനുഷ്യന്‍ (വീഡിയോ)
ഓഫ് സൈഡ് വിളിച്ച പന്ത് പോലും വലയില്‍ കയറാന്‍ അനുവദിക്കാതെ നൂയര്‍; ​ഗോൾ പോസ്റ്റിൽ പടര്‍ന്നു പന്തലിച്ച മനുഷ്യന്‍ (വീഡിയോ)

ലിസ്ബന്‍: ചാമ്പ്യന്‍സ് ലീഗ് കിരീടം ആറാം തവണയും ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന്റെ ഷോക്കേസിലെത്തുമ്പോള്‍ അവര്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് നായകനും ഗോള്‍ കീപ്പറുമായ മാനുവല്‍ നൂയറിനോടാണ്. പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ എംബാപ്പെയും നെയ്മറും എയ്ഞ്ചല്‍ ഡി മരിയയും അടങ്ങിയ മുന്നേറ്റ നിരയുടെ ഗോളവസരങ്ങള്‍ മുഴുവന്‍ അവിശ്വസനീയമാം വിധം അസാമാന്യ പ്രകടനത്തിലൂടെ നിഷ്പ്രഭമാക്കിയ നൂയര്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ താനാണെന്ന് ലിസ്ബനിലെ ആ രാത്രിയില്‍ അടയാളപ്പെടുത്തുകയായിരുന്നു. 

34കാരനായ നൂയര്‍ 2013ല്‍ ബയേണ്‍ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ ബാറിന് കീഴിലുണ്ടായിരുന്നു. 2020ല്‍ നായകനെന്ന നിലയില്‍ ആ കിരീടം ഒരിക്കല്‍ കൂടി താരം ഏറ്റുവാങ്ങി. നെയ്മര്‍, എംബാപ്പെ, ഡി മരിയ ത്രയത്തിന്റെ മുന്നേറ്റത്തിന്റെ മുന ഒടിച്ചതും സ്വതസിദ്ധമായ തന്റെ ആത്മവിശ്വാസത്തിന്റെ ബലത്തിലായിരുന്നു. ഇടയ്ക്ക് ഓഫ് സൈഡായ പന്ത് പോലും വലയിലെത്തിക്കാന്‍ നൂയര്‍ അനുവദിച്ചില്ല. 

നെയ്മര്‍, എംബാപ്പെ, മാര്‍ക്വിനോസ് എന്നിവരുടെ ക്ലോസ് റെയ്ഞ്ച് ഷോട്ട് പോലും വലയിലെത്തിക്കാന്‍ അനുവദിക്കാതെ നൂയര്‍ ബാറിന് കീഴില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയായിരുന്നു. ബയേണ്‍ പ്രതിരോധത്തെ മുഴുവന്‍ കബളിപ്പിച്ച് പിഎസ്ജി താരങ്ങള്‍ പന്തുമായി കുതിച്ചപ്പോഴെല്ലാം നൂയറിന് മുന്നില്‍ അതെല്ലാം അവസാനിക്കുന്ന കാഴ്ചയായിരുന്നു ലിസ്ബനില്‍. നൂയറിന്റെ മികവിനെ പിഎസ്ജി പരിശീലകന്‍ വിശേഷിപ്പിച്ചത് അചഞ്ചലം എന്നായിരുന്നു.  

രണ്ടാം പകുതിയില്‍ കിങ്‌സ്‌ലി കോമാന്റെ ഉജ്ജ്വല ഹെഡ്ഡര്‍ ഗോളില്‍ പിഎസ്ജിയെ പരാജയപ്പെടുത്തിയാണ് ബയേണ്‍ മിഷണ്‍ ലിസ്ബന്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ചാമ്പ്യന്‍സ് ലീഗിലെ 11ല്‍ 11 മത്സങ്ങളും വിജയിച്ച് തലയുയര്‍ത്തിപ്പിടിച്ചാണ് ബാവേറിയന്‍ സംഘം സീസണില്‍ ട്രിപ്പിള്‍ കിരീടത്തില്‍ മുത്തമിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com