നെയ്മറോ ലെവന്‍ഡോസ്‌കിയോ എംബാപ്പെയോ അല്ല, ഈ മനുഷ്യനാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്

നെയ്മറോ ലെവന്‍ഡോസ്‌കിയോ എംബാപ്പെയോ അല്ല, ഈ മനുഷ്യനാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്
നെയ്മറോ ലെവന്‍ഡോസ്‌കിയോ എംബാപ്പെയോ അല്ല, ഈ മനുഷ്യനാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്

ലിസ്ബന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കും പാരിസ് സെന്റ് ജെര്‍മെയ്‌നും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന് തീപ്പാറും പോരാട്ടത്തിന്റെ ആവേശമാണ് കൈവന്നത്. ബയേണ്‍- പിഎസ്ജി പോരില്‍ ഗോളിന്റെ പെരുമഴ ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 

മത്സരത്തില്‍ ആവേശത്തോടെ പങ്കെടുത്തത് താരങ്ങള്‍ മാത്രമായിരുന്നില്ല. ലൈന്‍സ്മാനായി കളി നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ലൊറെന്‍സോ മന്‍ഗനെല്ലിക്ക് ഫുട്‌ബോള്‍ ഓഫീഷ്യല്‍ എന്ന നിലയില്‍ നിയന്ത്രിക്കാന്‍ ലഭിക്കുന്ന കരിയറിലെ ആദ്യത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായിരുന്നു ഫൈനല്‍. ആ ആവേശം മുഴുവന്‍ നിറച്ചായിരുന്നു അദ്ദേഹത്തിന്റെ മൈതാനത്തെ ഓരോ ചലനങ്ങളും. 

അദ്ദേഹത്തിന്റെ മൈതാനത്തെ പ്രവൃ‌ത്തികൾ എന്തായാലും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. 

മത്സരം ആരംഭിക്കുന്നതിനായി മൂന്ന് ഒഫീഷ്യല്‍സിനൊപ്പം നാലാമനായി കടന്നു പോകുമ്പോള്‍ മന്‍ഗനെല്ലി ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വിലപിടിച്ച ട്രോഫിയില്‍ ഒന്ന് തൊട്ടാണ് മൈതാനത്തേക്ക് ആദ്യം കടന്നത്. പിന്നീട് ചാമ്പ്യന്‍സ് ലീഗ് ഗാനം ആലപിക്കുന്നതിനായി അണിനിരന്ന സമയത്ത് അദ്ദേഹം തന്റെ കൈകള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്നു. 

സാധാരണ നിലയില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ മാത്രമാണ് താരങ്ങളും മറ്റും കൈ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാറുള്ളത്. ചാമ്പ്യന്‍സ് ലീഗ് ഗാനം ആലപിക്കുന്ന സമയത്ത് താരങ്ങളും ഓഫീഷ്യല്‍സും വെറുതെ നില്‍ക്കുക മാത്രമാണ് ചെയ്യാറുള്ളത്. ആ രീതിക്ക് വിരുദ്ധമായിട്ടായിരുന്നു മാന്‍ഗനെല്ലിയുടെ പ്രവൃത്തി. 

മത്സരം അവസാനിച്ച ശേഷം മെഡല്‍ ദാന വേളയിലുള്ള അദ്ദേഹത്തിന്റെ പ്രവൃത്തിയും ആരാധകര്‍ ഏറ്റെടുത്തു. മെഡല്‍ കഴുത്തിലണിഞ്ഞ ശേഷം അദ്ദേഹം താരങ്ങളെ പോലെ അത് ചുംബിച്ചതും ആരാധകരുടെ ഹൃദയം കീഴടക്കുന്നതായി മാറി. 

ചാമ്പ്യന്‍സ് ലീഗ് ഗാനം ദേശീയ ഗാനം പോലെ പ്രിയപ്പെട്ടതാണെന്ന് ഈ സംഭവത്തെ ചൂണ്ടി ആരാധകര്‍ പറയുന്നു. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശമെന്നായിരുന്നു ചിലരുടെ കമന്റ്. എന്തായാലും തന്റെ കരിയറിലെ ആദ്യത്തെ വലിയ പോരാട്ടം അവിശ്വസനീയമാക്കി മാറ്റാന്‍ ഈ ഇറ്റാലിയന്‍ റഫറിക്ക് സാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com