ചരിത്രമെഴുതി ഇംഗ്ലീഷ് പേസര്‍; ആ അപൂര്‍വ നേട്ടം ഇനി ആന്‍ഡേഴ്‌സന് സ്വന്തം

ചരിത്രമെഴുതി ഇംഗ്ലീഷ് പേസര്‍; ആ അപൂര്‍വ നേട്ടം ഇനി ആന്‍ഡേഴ്‌സന് സ്വന്തം
ചരിത്രമെഴുതി ഇംഗ്ലീഷ് പേസര്‍; ആ അപൂര്‍വ നേട്ടം ഇനി ആന്‍ഡേഴ്‌സന് സ്വന്തം

സതാംപ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 600 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍ എന്ന അപൂര്‍വ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന് സ്വന്തം. പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനത്തില്‍ പാകിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അലിയെ പുറത്താക്കിയാണ് ആന്‍ഡേഴ്‌സന്റെ നേട്ടം. 156 ടെസ്റ്റുകളിൽ നിന്നാണ് 38 കാരനായ താരം ചരിത്ര നേട്ടം സ്വന്തം പേരിലാക്കിയത്.

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആന്‍ഡേഴ്‌സന്‍ രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് നഷ്ടമായ നാല് വിക്കറ്റുകളില്‍ രണ്ടും വീഴ്ത്തിയാണ് 600 എന്ന മാന്ത്രിക സംഖ്യയിലെത്തിയത്. 600 വിക്കറ്റുകള്‍ നേടുന്ന സ്പിന്‍, പേസ് ബൗളര്‍മാരുടെ എലൈറ്റ് പട്ടികയിലും ഇതോടെ ആന്‍ഡേഴ്‌സന്‍ ഇടം പിടിച്ചു. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവരാണ് ആന്‍ഡേഴ്‌സന് മുന്‍പ് 600ല്‍ അധികം വിക്കറ്റുകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തമാക്കിയ മറ്റുള്ളവര്‍. 

2003ല്‍ സിംബാബ്‌വെക്കെതിരെയാണ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ അരങ്ങേറിയത്. 2018ല്‍ ടെസ്റ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ വീഴ്ത്തുന്ന പേസറെന്ന റെക്കോര്‍ഡ് ആന്‍ഡേഴ്‌സന്‍ സ്വന്തമാക്കിയിരുന്നു. ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ 563 വിക്കറ്റുകള്‍ എന്ന നേട്ടമാണ് ആന്‍ഡേഴ്‌സന്‍ അന്ന് മറികടന്നത്.

പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 583 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി പറയാനിറങ്ങിയ പാകിസ്ഥാന്റെ പോരാട്ടം വെറും 273 റണ്‍സില്‍ അവസാനിപ്പിച്ച് ഫോളോ ഓണ്‍ ചെയ്യിപ്പിച്ചത് ആന്‍ഡേഴ്‌സന്റെ തീപ്പാറും പന്തുകളായിരുന്നു. 

ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന പാക് നിര നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ വിജയത്തിന് മഴ തടസമായതോടെ പാകിസ്ഥാന് രക്ഷപ്പെടാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അവസാന ദിനം ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ മത്സരം സമനിലയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com