റെയ്നയുടെ ഉറ്റ ബന്ധുക്കൾക്ക് നേരെ അ‍ജ്ഞാതരുടെ ആക്രമണം; അമ്മാവൻ മരിച്ചു; നാല് പേർ ​ഗുരുതരാവസ്ഥയിൽ

റെയ്നയുടെ ഉറ്റ ബന്ധുക്കൾക്ക് നേരെ അ‍ജ്ഞാതരുടെ ആക്രമണം; അമ്മാവൻ മരിച്ചു; നാല് പേർ ​ഗുരുതരാവസ്ഥയിൽ
റെയ്നയുടെ ഉറ്റ ബന്ധുക്കൾക്ക് നേരെ അ‍ജ്ഞാതരുടെ ആക്രമണം; അമ്മാവൻ മരിച്ചു; നാല് പേർ ​ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഉറ്റ ബന്ധുക്കളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്കെതിരെ അജ്‍ഞാതരുടെ ആക്രമണം. റെയ്നയുടെ പിതാവിന്റെ സഹോദരി ആശാ ദേവിയും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ആശാ ദേവിയുടെ ഭർത്താവ് മരിച്ചു. പഞ്ചാബിലെ പത്താൻകോട്ടിലെ തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരിയും കുടുംബവും താമസിക്കുന്നത്. 

ഓഗസ്റ്റ് 19-ന് അർധരാത്രി ഇവരുടെ വീട് ഒരു സംഘം ആളുകൾ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലിരിക്കെയാണ് റെയ്നയുടെ അമ്മാവൻ (പിതാവിന്റെ സഹോദരീ ഭർത്താവ്) മരിച്ചത്. സഹോദരി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ട് മക്കളുടെ നിലയും ഗുരുതരമാണ്.

ഐപിഎൽ 13–ാം സീസണിനായി യുഎഇയിലെത്തിയ റെയ്ന, വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിലേക്ക് മടങ്ങിയതായി അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സ് സ്ഥിരീകരിച്ചിരുന്നു. ഈ സീസണിൽ റെയ്ന കളിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് 19–ാം തീയതി റെയ്നയുടെ കുടുംബത്തിനു നേരെ നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തു വന്നത്.

ദൈനിക് ജാ​ഗരണാണ് ആക്രമണം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. വീടിന്റെ ടെറസിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അർധരാത്രിയിൽ ഇവർക്കു നേരെ ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലെ കച്ചേവാല എന്നറിയപ്പെടുന്ന കുറ്റവാളി സംഘമാണ്‌ ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നും റിപ്പോർട്ടുണ്ട്. ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാൻ സാധിച്ചിട്ടില്ല. മാരകമായ ആയുധങ്ങൾ ഉപയോഗിച്ചാണ് അക്രമികൾ റെയ്നയുടെ ബന്ധുക്കളെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.

റെയ്നയുടെ പിതാവിന്റെ സഹോദരി ആശാ ദേവി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. റെയ്നയുടെ അങ്കിൾ അശോക് കുമാർ (58) ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ മക്കളായ കൗശൽ കുമാർ (32), അപിൻ കുമാർ (24) എന്നിവർക്കും ആക്രമണത്തിൽ ഗുരുതര പരുക്കുണ്ട്. കൊല്ലപ്പെട്ട അശോക് കുമാറിന്റെ 80 വയസ്സുള്ള അമ്മ സത്യദേവിയും പരുക്കുകളോടെ ആശുപത്രിയിലാണ്- റിപ്പോർട്ടിൽ പറയുന്നു.

സുരേഷ് റെയ്നയുടെ ബന്ധുക്കളാണ് ആക്രമിക്കപ്പെട്ടതെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പൊലീസ്, ഫൊറൻസിക് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായയെ സ്ഥലത്തെത്തിച്ച് തുമ്പു കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com