ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കില്ല, ബിസിസിഐ ഷെഡ്യൂള്‍ മാറ്റുന്നു

ചെന്നൈ സൂപ്പര്‍ കിങ്‌സിന് കുറച്ചു കൂടി സമയം നല്‍കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഉദ്ഘാടന മത്സരത്തില്‍ നിന്ന് മാറ്റുന്നത്
ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കില്ല, ബിസിസിഐ ഷെഡ്യൂള്‍ മാറ്റുന്നു

കോവിഡ് ഭീതിയില്‍ നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം കളിച്ചേക്കില്ല. ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കുറച്ചു കൂടി സമയം നല്‍കുന്നതിന് വേണ്ടിയാണ് ബിസിസിഐ ഉദ്ഘാടന മത്സരത്തില്‍ നിന്ന് മാറ്റുന്നത്. 

സീസണിലെ ആദ്യ മത്സരത്തില്‍ സെപ്തംബര്‍ 19ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നേരിടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ടീമില്‍ കോവിഡ് പോസിറ്റീവായതോടെ ഇനി ഒരാഴ്ച കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്വാറന്റൈനില്‍ കഴിയണം. ഓഗസ്റ്റ് 28ന് ചെന്നൈ പരിശീലനം തുടങ്ങാനിരിക്കെയാണ് തിരിച്ചടി നേരിട്ടത്. 

ദീപക് ചഹര്‍, റുതുരാജ് ഗയ്കവാദ്, സപ്പോര്‍ട്ട് സ്റ്റാഫിലെ പത്ത് പേര്‍ എന്നിവര്‍ക്കാണ് ചെന്നൈ ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചത്. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ചെന്നൈയില്‍ 5 ദിവസത്തെ ക്യാംപ് ഇവര്‍ സംഘടിപ്പിച്ചിരുന്നു. കോവിഡ് പരിശോധനയ്ക്ക് വിധേയമായതിന് ശേഷമാണ് കളിക്കാര്‍ ചെന്നൈയിലേക്ക് എത്തിയത്. 

ചെന്നൈ ക്യാംപില്‍ വെച്ചായിരിക്കാം ഇവര്‍ക്ക് കോവിഡ് ബാധയേറ്റത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചെന്നൈയില്‍ ബയോ ബബിളില്‍ ആയിരുന്നു ക്യാംപ്. എന്നാല്‍ ക്യാംപ് നടത്തിയ സ്റ്റേഡിയം ഹോട്ട്‌സ്‌പോട്ട് പ്രദേശത്തായിരുന്നു.  

പരിശീലന ക്യാംപിലും ദുബായിലേക്കുള്ള യാത്രയിലും സാമൂഹിക അകലം പാലിക്കാതേയും മാസ്‌ക് പോലും ധരിക്കാതെയുമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ പെരുമാറിയത്. ചെന്നൈ കാര്യങ്ങളെ ഗൗരവത്തോടെ കണ്ടില്ലെന്ന വിമര്‍ശനവുമായി മറ്റ് ഫ്രാഞ്ചൈസികള്‍ എത്തി. ടൂര്‍ണമെന്റിനെ ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന് ചെന്നൈക്കെതിരെ നടപടി വേണമെന്നും ഫ്രാഞ്ചൈസികള്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com