ട്വന്റി20യില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയെ താഴെയിറക്കി; ഇന്ത്യ മൂന്നാമത് 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പര തൂത്തുവാരിയതോടെയാണ് റാങ്കിങ്ങിലെ ഇംഗ്ലണ്ടിന്റെ കുതിപ്പ്
ട്വന്റി20യില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയെ താഴെയിറക്കി; ഇന്ത്യ മൂന്നാമത് 

കേപ്ടൗണ്‍: ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് ഇംഗ്ലണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പര തൂത്തുവാരിയതോടെയാണ് റാങ്കിങ്ങിലെ ഇംഗ്ലണ്ടിന്റെ കുതിപ്പ്. 

ഇതോടെ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീണു. മൂന്നാമതാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയെ അവസാന ടി20യില്‍ 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ഉയര്‍ത്തിയ 191 റണ്‍സ് 14 പന്തുകള്‍ ശേഷിക്കെ 9 വിക്കറ്റ് കയ്യില്‍ വെച്ച് ഇംഗ്ലണ്ട് മറികടന്നു. 

47 പന്തില്‍ നിന്ന് 11 ഫോറും നാല് സിക്‌സും പറത്തി 99 റണ്‍സ് നേടി ഡേവിഡ് മലനും, 67 റണ്‍സ് നേടി ബട്ട്‌ലറുമാണ് പരമ്പര അനായാസം തൂത്തുവാരുന്നതിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. ടി20 ക്രിക്കറ്റിലെ തങ്ങളുടെ വിജയ തേരോട്ടം ഇംഗ്ലണ്ട് ഇവിടെ തുടരുകയും ചെയ്യുന്നു. 

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 മത്സരമാണ് റാങ്കിങ്ങില്‍ ഇനി മാറ്റം വരുത്തുക. വെള്ളിയാഴ്ച ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് തുടക്കമാവും. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും, ടെസ്റ്റില്‍ മൂന്നാമതുമാണ്. ടി20 ബാറ്റ്‌സ്മാന്മാരില്‍ ഡേവിഡ് മലനാണ് ഒന്നാമത്. പിന്നാലെ ബാബര്‍ അസമും ഫിഞ്ചും, കെ എല്‍ രാഹുലും. 

ടി20 ബൗളര്‍മാരില്‍ റാഷിദ് ഖാനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് മുജീബ് ഉര്‍ റഹ്മാനും, മൂന്നാമത് അഷ്ടന്‍ അഗറും. ഓള്‍റൗണ്ടര്‍മാരില്‍ മുഹമ്മദ് നബി ഒന്നാമതും, ഷക്കീബ് അല്‍ ഹസന്‍ രണ്ടാമതും നില്‍ക്കുന്നു. മൂന്നാം സ്ഥാനത്ത് മാക്‌സ്‌വെല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com