ഹര്‍ദിക്കും ജഡേജയും തുണച്ചു, ഓസ്‌ട്രേലിയക്ക് 303 റണ്‍സ് വിജയ ലക്ഷ്യം 

152-5 എന്ന നിലയിലേക്ക് ഒരു ഘട്ടത്തില്‍ ഇന്ത്യ വീണെങ്കിലും ഉറച്ച് നിന്ന ഹര്‍ദിക്കും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ തുണച്ചത്
ഹര്‍ദിക്കും ജഡേജയും തുണച്ചു, ഓസ്‌ട്രേലിയക്ക് 303 റണ്‍സ് വിജയ ലക്ഷ്യം 

കാന്‍ബറ: മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ 303 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. 152-5 എന്ന നിലയിലേക്ക് ഒരു ഘട്ടത്തില്‍ ഇന്ത്യ വീണെങ്കിലും ഉറച്ച് നിന്ന ഹര്‍ദിക്കും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ തുണച്ചത്. ആറാം വിക്കറ്റില്‍ 150 റണ്‍സ് ആണ് ഹര്‍ദിക്കും ജഡേജയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ആദ്യ രണ്ട് ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ട കോഹ് ലിക്ക് കാന്‍ബറയില്‍ ഭാഗ്യം കനിഞ്ഞു. എന്നാല്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതിന്റെ മുന്‍തൂക്കം നേടിയെടുക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് തുടക്കത്തില്‍ കഴിഞ്ഞില്ല. മായങ്ക് അഗര്‍വാളിന് പകരം ഓപ്പണ്‍ ചെയ്യാന്‍ ധവാനൊപ്പം ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ 33 റണ്‍സ് നേടി മടങ്ങി. 

ഇന്ത്യന്‍ സ്‌കോര്‍ 26ല്‍ നില്‍ക്കെ ധവാനെ അബോട്ട് മടക്കിയിരുന്നു. ഒരുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴുമ്പോഴും കോഹ് ലി ഉറച്ച് നിന്നു. 2020ലെ ഏകദിന സെഞ്ചുറി ഇവിടെ കോഹ് ലിയില്‍ നിന്ന് പ്രതീക്ഷിച്ചെങ്കിലും 63 റണ്‍സില്‍ നില്‍ക്കെ ഹസല്‍വുഡ് കോഹ് ലിയെ മടക്കി. 

ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യന്‍ ക്യാപ്റ്റനെ മടക്കിയത് ഹസല്‍വുഡ് ആയിരുന്നു. മോശം ഷോട്ട് സെലക്ഷനിലൂടെ ശ്രേയസ് അയ്യറും, നിലയുറപ്പിക്കും മുന്‍പ് രാഹുലും കൂടാരം കയറി. ഇവിടെ തകര്‍ച്ച മുന്‍പില്‍ കണ്ടിടത്ത് നിന്നാണ് ഇന്ത്യയെ ജഡേജയും ഹര്‍ദിക്കും കൂടി ഉയര്‍ത്തി കൊണ്ട് വന്നത്. 

അബോട്ട് എറിഞ്ഞ 48ാം ഓവറില്‍ തുടരെ മൂന്ന് ഫോറും ഒരു സിക്‌സും പറത്തി ജഡേജ ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ ഉറപ്പാക്കി. ഹര്‍ദിക് പാണ്ഡ്യ 76 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 92 റണ്‍സും, ജഡേജ 50 പന്തില്‍ നിന്ന് 66 റണ്‍സും നേടി. അഞ്ച് ഫോറും മൂന്ന് സിക്‌സുമാണ് ജഡേജയുടെ ബാറ്റില്‍ നിന്ന് വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com