ദക്ഷിണേന്ത്യൻ ഡർബി; ഛേത്രിയുടെ ​ഗോളിൽ ചെന്നൈയിനെ വീഴ്ത്തി ബം​ഗളൂരു; സീസണിലെ ആദ്യ ജയം

ദക്ഷിണേന്ത്യൻ ഡർബി; ഛേത്രിയുടെ ​ഗോളിൽ ചെന്നൈയിനെ വീഴ്ത്തി ബം​ഗളൂരു; സീസണിലെ ആദ്യ ജയം
ദക്ഷിണേന്ത്യൻ ഡർബി; ഛേത്രിയുടെ ​ഗോളിൽ ചെന്നൈയിനെ വീഴ്ത്തി ബം​ഗളൂരു; സീസണിലെ ആദ്യ ജയം

പനാജി: ദക്ഷിണേന്ത്യൻ നാട്ടങ്കത്തിൽ ബം​ഗളൂരു എഫ്സിക്ക് വിജയം. ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിയെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് വീഴ്ത്തിയാണ് ബം​ഗളൂരു വിജയം സ്വന്തമാക്കിയത്. സീസണിലെ ആദ്യ ജയമാണ് ബം​ഗളൂരുവിന്റേത്. നായകൻ സുനിൽ ഛേത്രിയാണ് ബംഗളൂരുവിന് വേണ്ടി വിജയ ഗോൾ നേടിയത്. 

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിലാണ് ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചത്. ബംഗളൂരുവും ചെന്നൈയിനും ഒപ്പത്തിനൊപ്പം നിന്നു. ബം​ഗളൂരുവിന്റെ സുരേഷ് വാങ്ജം ഇന്നത്തെ കളിയിലെ മികച്ച താരം. 

കരുത്തുറ്റ ടീമുകളായ ഇരു ഭാ​ഗവും തുടക്കം മുതൽ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. കളി തുടങ്ങി 15ാം മിനിറ്റിൽ ചെന്നൈയിന്റെ കുന്തമുന അനിരുദ്ധ് ഥാപ്പ പരിക്കേറ്റ് പുറത്തായി. ആഷിഖുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് കണങ്കാലിന് പരിക്കേറ്റാണ് താരം മടങ്ങിയത്. ഇത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായി. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ടീമുകൾക്ക് സാധിച്ചില്ല

രണ്ടാം പകുതിയിൽ തുടങ്ങി 56ാം മിനിറ്റിൽ ബംഗളൂരുവിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ബോക്‌സിനുള്ളിൽ മലയാളി താരം ആഷിഖ് കുരുണിയനെ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത നായകൻ ഛേത്രിയ്ക്ക് പിഴച്ചില്ല. മികച്ച ഒരു ഷോട്ടിലൂടെ പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് ഛേത്രി പന്തിനെ ഉരുട്ടിവിട്ടു. 

ഗോൾ വീണതോടെ ബംഗളൂരു ആവേശത്തിലായി. 59-ാം മിനിറ്റിൽ ബംഗളൂരുവിന്റെ ഡിമാസ് എടുത്ത ഗോളെന്നുറച്ച മികച്ച ലോങ് റേഞ്ചർ ചെന്നൈയിൻ ഗോളി വിശാൽ ഖെയ്ത്ത് അവിശ്വസനീയമായി തട്ടിയകറ്റി.

ഗോൾ വഴങ്ങിയതോടെ ചെന്നൈയിനും മികച്ച കളി പുറത്തെടുത്തു. 68ാം മിനിറ്റിൽ ചെന്നൈയുടെ ചങ്‌തെയുടെ മികച്ച ഒരു പാസിൽ നിന്നു നായകൻ ക്രിവല്ലാരോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും ആഷിഖിന്റെ കൈയിൽ തട്ടി അത് പുറത്തേക്ക് പോയി. പക്ഷേ റഫറി ചെന്നൈയിന് പെനാൽറ്റി നൽകിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com