അമ്പയര്‍ എന്തെല്ലാം നോക്കണം? സ്വിച്ച് ഹിറ്റ് വിലക്കുന്നത് പ്രായോഗികമല്ലെന്ന് സൈമണ്‍ ടൗഫല്‍ 

ബാറ്റ്‌സ്മാന്‍ ഗ്രിപ്പിലോ, സ്റ്റാന്‍സിലോ മാറ്റം വരുത്തുന്നത് നിരീക്ഷിക്കുക ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് പ്രയാസമായിരിക്കും
അമ്പയര്‍ എന്തെല്ലാം നോക്കണം? സ്വിച്ച് ഹിറ്റ് വിലക്കുന്നത് പ്രായോഗികമല്ലെന്ന് സൈമണ്‍ ടൗഫല്‍ 

സിഡ്‌നി: സ്വിച്ച് ഹിറ്റ് നിയമാനുസൃതമല്ലാതാക്കുക എന്നത് പ്രായോഗികമാണ് എന്ന് കരുതുന്നില്ലെന്ന് അമ്പയര്‍ സൈമണ്‍ ടൗഫല്‍. ബാറ്റ്‌സ്മാന്‍ ഗ്രിപ്പിലോ, സ്റ്റാന്‍സിലോ മാറ്റം വരുത്തുന്നത് നിരീക്ഷിക്കുക ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് പ്രയാസമായിരിക്കും എന്നാണ് സൈമണ്‍ ടൗഫല്‍ പറയുന്നത്. 

ക്രിക്കറ്റ് എന്നത് ഒരു ശാസ്ത്രമല്ല. അതൊരു കലയാണ്. അവിടെ നമ്മള്‍ ആരും പെര്‍ഫെക്ട് അല്ല. അതുപോലൊരു ഷോട്ട് വിലക്കണം എന്ന് പറഞ്ഞാല്‍ അമ്പയര്‍ക്ക് അത് എങ്ങനെയാണ് നടപ്പിലാക്കാന്‍ കഴിയുക? അത് അസാധ്യമാണ്, സൈമണ്‍ ടൗഫല്‍ പറഞ്ഞു. 

അമ്പയര്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതായുണ്ട്. ഫ്രണ്ട് ഫൂട്ടില്‍, ബാക്ക് ഫൂട്ടില്‍, പിച്ചിലെ പ്രൊട്ടക്റ്റഡ് ഏരിയയില്‍, എവിടെയാണ് പന്ത് കൊണ്ടത് എന്നതില്‍...ഇതിനെല്ലാം പുറമെ ഗ്രിപ്പ് മാറുന്നതും നോക്കണം എന്ന് പറഞ്ഞാല്‍ അത് പ്രയാസമാവും. നടപ്പിലാക്കാന്‍ സാധിക്കാത്ത ഒരു കാര്യം നിയമമാക്കാന്‍ പറ്റില്ലെന്നും ടൗഫല്‍ ഓര്‍മിപ്പിക്കുന്നു. 

74 ടെസ്റ്റും 174 ഏകദിനങ്ങളും നിയന്ത്രിച്ച ടൗഫല്‍ 2004 മുതല്‍ 2008 വരെ ഐസിസിയുടെ അമ്പയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിരുന്നു. 2012ല്‍ ടൗഫല്‍ കളിക്കളത്തില്‍ നിന്ന് മടങ്ങി. നേരത്തെ ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങളായ ഷെയ്ന്‍ വോണും, ഇയാന്‍ ചാപ്പലും സ്വിച്ച് ഹിറ്റിനെതിരെ രംഗത്തെത്തിയിരുന്നു. 

ബൗളറോടുള്ള നീതി നിഷേധമാണ് സ്വിച്ച് ഹിറ്റ് എന്നും, ബാറ്റ്‌സ്മാന്റെ സ്വിച്ച് ഹിറ്റ് പോലെ ബൗളര്‍ റണ്‍ അപ്പിന് ശേഷം വശം മാറി എറിഞ്ഞാലോ എന്നും വോണ്‍ ചോദിക്കുന്നു. കളിക്കുന്നതിന് മുന്‍പ് ഏത് വശത്ത് നിന്നാണ് എറിയുന്നത് എന്ന് ബൗളര്‍ അമ്പയറെ അറിയിക്കണം. എന്നാല്‍ ബാറ്റ്‌സ്മാന് ഇങ്ങനെ സ്വിച്ച് ഹിറ്റ് ചെയ്യുന്നതില്‍ മുന്‍കൂര്‍ അനുവാദം വേണ്ട എന്നുള്ളത് നീതിയല്ലെന്ന് ഇയാന്‍ ചാപ്പലും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com