'കോഹ്‌ലിക്ക് ഒരു നിയമവും ബാധകമല്ല', ടീം സെലക്ഷനെ വിമര്‍ശിച്ച് സെവാഗ് 

ആദ്യ ടി20യില്‍ ശ്രേയസ് അയ്യര്‍, ചഹല്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്
'കോഹ്‌ലിക്ക് ഒരു നിയമവും ബാധകമല്ല', ടീം സെലക്ഷനെ വിമര്‍ശിച്ച് സെവാഗ് 

ന്യൂഡല്‍ഹി: കാന്‍ബറ ടി20യിലെ കോഹ്‌ലിയുടെ ടീം സെലക്ഷനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഒരു നിയമവും കോഹ്‌ലിക്ക് ബാധകമല്ല എന്ന രീതിയാണ് എന്ന് സെവാഗ് പറഞ്ഞു. 

ആദ്യ ടി20യില്‍ ശ്രേയസ് അയ്യര്‍, ചഹല്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ശ്രേയസിനെ മാറ്റി നിര്‍ത്തിയപ്പോള്‍ സഞ്ജുവിനും മനീഷ് പാണ്ഡേയ്ക്കും ഒരേ സമയം പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചു. രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ചഹല്‍ ബൗള്‍ ചെയ്യാന്‍ എത്തുകയും, മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തു. 

കഴിഞ്ഞ ടി20 പരമ്പരയില്‍ ശ്രേയസ് മികവ് കാണിച്ചിരുന്നു. പിന്നെ എന്ത് കാരണത്താലാണ് ഇവിടെ ശ്രേയസിനെ ഒഴിവാക്കിയത്? അതിന് കാരണം എന്തെങ്കിലും ഉണ്ടോ? എന്തുകൊണ്ട് എന്നെ കളിപ്പിച്ചില്ല എന്ന് ചോദിക്കാനുള്ള ധൈര്യം ശ്രേയസിനുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, സെവാഗ് പറഞ്ഞു. 

ഒരു കാര്യം കൂടി ഞാന്‍ പറയാം, കോഹ്‌ലി ഒഴിച്ച് മറ്റെല്ലാവര്‍ക്കും എല്ലാ നിയമവും ബാധകമാണ്. കോഹ് ലിക്ക് ഒരു നിയമവും ബാധകമല്ല. കോഹ് ലിയുടെ ബാറ്റിങ് പൊസിഷന്‍ മാറില്ല, ടീമിന് പുറത്താവില്ല, ഫോമില്ലാതെ നില്‍ക്കുമ്പോള്‍ ഇടവേളയെടുക്കില്ല...അത് തെറ്റാണ് എന്നും സെവാഗ് പറഞ്ഞു. 

ശ്രേയസ് അയ്യറെ ഇനി വരുന്ന രണ്ട് ടി2യിലും ടീം മാനേജ്‌മെന്റ് തിരികെ കൊണ്ടുവരുമോ എന്ന് വ്യക്തമല്ല. ലോകകപ്പിന്റെ ഒരുക്കങ്ങള്‍ ഇവിടെ ആരംഭിക്കുന്നു എന്നാണ് കാന്‍ബറ ടി20യില്‍ ടോസിന് ഇടയില്‍ സംസാരിക്കുമ്പോള്‍ കോഹ് ലി പറഞ്ഞത്. സഞ്ജുവിനും മനീഷിനും ഇനിയും അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്നും കണ്ടറിയണം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com