കളി നിര്‍ത്തി ഫിസിയോയെ വിളിക്കേണ്ടത് അമ്പയറാണ്, ഇന്ത്യയുടെ ഭാഗത്ത് പിഴവില്ല: അനില്‍ കുംബ്ലേ

'ഡ്രസിങ് റൂമിലേക്ക് എത്തിയതിന് ശേഷവും തലവേദനയോ, തലകറക്കമോ അനുഭവപ്പെടാം'
കളി നിര്‍ത്തി ഫിസിയോയെ വിളിക്കേണ്ടത് അമ്പയറാണ്, ഇന്ത്യയുടെ ഭാഗത്ത് പിഴവില്ല: അനില്‍ കുംബ്ലേ

ന്യൂഡല്‍ഹി: കാന്‍ബറ ടി20യില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇന്ത്യ ചഹലിനെ ഇറക്കിയതില്‍ ഒരു പ്രശ്‌നവും കാണുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലേ. ഹെല്‍മറ്റില്‍ പന്ത് കൊണ്ടതിന് ശേഷം ഗ്രൗണ്ടിലേക്ക് ഫിസിയോയെ വിളിക്കേണ്ടത് ജഡേജ അല്ല അമ്പയര്‍ ആണെന്നും അനില്‍ കുംബ്ലേ പറഞ്ഞു.

ജഡേജയാണ് ഫിസിയോയെ വിളിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നില്ല. അമ്പയറാണ് കളി നിര്‍ത്തി വെച്ച് ഫിസിയോയെ വിളിക്കേണ്ടത്. അത് സംഭവിച്ചില്ല. മാത്രമല്ല ജഡേജ അവിടെ സിംഗിളിനായി ഓടുകയും, കളി തുടരുകയും ചെയ്തു. അവിടെ ജഡേജയ്ക്ക് പ്രശ്‌നമൊന്നും തോന്നിയില്ല. എന്നാല്‍ കളിക്കളത്തില്‍ വെച്ച് തന്നെ ശാരീരിക പ്രയാസം നേരിടും എന്നില്ലെന്നും കുംബ്ലേ ചൂണ്ടിക്കാണിച്ചു. 

ഡ്രസിങ് റൂമിലേക്ക് എത്തിയതിന് ശേഷവും തലവേദനയോ, തലകറക്കമോ അനുഭവപ്പെടാം. അവിടെയാണ് ഡോക്ടര്‍മാര്‍ കടന്നു വരുന്നതും, കളിക്കേണ്ടതില്ല എന്ന് നിര്‍ദേശിക്കുന്നതും. അതായിരിക്കാം ഇവിടെ ജഡേജയുടെ കാര്യത്തില്‍ സംഭവിച്ചത്. അവിടെ ജഡേജ തന്റെ ബാറ്റിങ് പൂര്‍ത്തിയാക്കിയിരുന്നു. ജഡേജയുടെ മറ്റൊരു കഴിവാണ് ഇവിടെ പിന്നെ നമ്മള്‍ കാണേണ്ടത്. 

സ്പിന്നറാണ് ജഡേജ. അതിനാലാണ് ചഹലിനെ ഇന്ത്യ ഇറക്കിയത്. ഇന്ത്യ ബൗള്‍ ചെയ്യുമ്പോഴാണ് കണ്‍കഷന്‍ ഉണ്ടായത് എന്ന് കരുതുക. അവിടെ ജഡേജ എന്ന ബാറ്റ്‌സ്മാന് പകരം ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു താരത്തെയാവും ഇന്ത്യ ഇറക്കുമായിരുന്നത് എന്നും കുംബ്ലേ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com