വൻമതിലായി ടിപി രഹനേഷ്; എടികെയുടെ വിജയക്കുതിപ്പിന് തടയിട്ട് ജംഷഡ്പുർ; കൊൽക്കത്തൻ കരുത്തരെ വീഴ്ത്തിയത് 2-1ന്

വൻമതിലായി ടിപി രഹനേഷ്; എടികെയുടെ വിജയക്കുതിപ്പിന് തടയിട്ട് ജംഷഡ്പുർ; കൊൽക്കത്തൻ കരുത്തരെ വീഴ്ത്തിയത് 2-1ന്
വൻമതിലായി ടിപി രഹനേഷ്; എടികെയുടെ വിജയക്കുതിപ്പിന് തടയിട്ട് ജംഷഡ്പുർ; കൊൽക്കത്തൻ കരുത്തരെ വീഴ്ത്തിയത് 2-1ന്

പനാജി: മൂന്ന് തുടർ ജയങ്ങൾക്കൊടുവിൽ എടികെ മോഹൻ ബ​ഗാന് ഐഎസ്എല്ലിൽ ആദ്യ തോൽവി. ജംഷഡ്പുർ എഫ്സി കൊൽക്കത്തൻ കരുത്തരെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വീഴ്ത്തി. സീസണിൽ ജംഷഡ്പുർ നേടുന്ന ആദ്യ വിജയമാണിത്. നെറിയസ് വാൽസ്‌കിസിന്റെ ഇരട്ട ഗോളുകളാണ് ജംഷഡ്പുരിന് ജയമൊരുക്കിയത്. എടികെയുടെ ഏക ഗോൾ റോയ് കൃഷ്ണയുടെ ബൂട്ടിൽ നിന്നായിരുന്നു. 

മലയാളി ഗോൾ കീപ്പർ ടിപി രഹനേഷിന്റെ മികച്ച പ്രകടനവും ജംഷഡ്പുരിന്റെ വിജയത്തിൽ നിർണായകമായി. 49, 51 മിനിറ്റുകളിലടക്കം ഗോളെന്നുറച്ച നാലോളം അവസരങ്ങളാണ് രഹനേഷ് രക്ഷപ്പെടുത്തിയത്. 

ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി ജംഷഡ്പുർ ഏഴാം സ്ഥാനത്തേക്കുയർന്നു. എടികെ രണ്ടാം സ്ഥാനത്താണ്.

കളിയുടെ എല്ലാ മേഖലകളിലും എടികെയെ പിന്നിലാക്കിയാണ് ജംഷഡ്പുർ ജയം കുറിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ  ജംഷഡ്പുരിനായിരുന്നു ആധിപത്യം. 30ാം മിനിറ്റിൽ വാൽസ്‌കിസിന്റെ ആദ്യ ഗോൾ വന്നു. മോൺറോയിയുടെ കോർണറിന് തലവെച്ച് വാൽസ്‌കിസ് പന്ത് വലയിലെത്തിച്ചു. 

ജംഷഡ്പുരിന്റെ രണ്ടാം ​ഗോളും എടികെയുടെ ഒരു ​ഗോളും രണ്ടാം പകുതിയിലാണ് വന്നത്. 66ാം മിനിറ്റിൽ എടികെയുടെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു വാൽസ്‌കിന്റെ രണ്ടാം ഗോൾ. ഇത്തവണയും മോൺറോയിയുടെ കോർണറിൽ നിന്നാണ് ഗോളിന്റെ പിറവി.  ജംഷഡ്പുർ താരം മുബഷിർ ഹെഡ്ഡ് ചെയ്തത് എടികെ ഡിഫൻഡറുടെ ദേഹത്ത് തട്ടി ആരും മാർക്ക് ചെയ്യാതിരുന്ന വാൽസ്‌കിന്റെ മുന്നിലേക്ക്. പന്തിനെ വലയിലേക്ക് തിരിച്ചുവിടേണ്ട പണിയേ വാൽസ്‌കിന് ഉണ്ടായിരുന്നുള്ളൂ.  

പിന്നീട് 80ാം മിനിറ്റിലാണ് റോയ് കൃഷ്ണയിലൂടെ എടികെ ഒരു ഗോൾ തിരിച്ചടിക്കുന്നത്. മൻവീർ സിങ് ഹെഡ്ഡ് ചെയ്ത പന്ത് ലഭിക്കുമ്പോൾ കൃഷ്ണ ഓഫ്‌സൈഡായിരുന്നു. പക്ഷേ റഫറി അത് കണ്ടില്ല. ജംഷഡ്പുർ താരങ്ങൾ ഓഫ്‌സൈഡിനായി വാദിക്കുന്നതിനിടെ കൃഷ്ണ പന്ത് വലയിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com