ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

അവസാന മിനിറ്റ് വരെ ആവേശം; ബംഗളൂരു- നോര്‍ത്ത് ഈസ്റ്റ് പോരാട്ടം സമനിലയില്‍

അത്യന്തം ആവേശം നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ബംഗളൂരു എഫ് സി പോരാട്ടം സമനിലയില്‍

പനജി: അത്യന്തം ആവേശം നിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ബംഗളൂരു എഫ് സി പോരാട്ടം സമനിലയില്‍. ഇരു ടീമുകളും വാശിയോടെ കളം നിറഞ്ഞ് കളിച്ച മത്സരം 2-2 ന് സമനിലയില്‍ അവസാനിച്ചു. ഇരട്ട ഗോളുകളുമായി തിളങ്ങിയ നോര്‍ത്ത് ഈസ്റ്റ് താരം ലൂയിസ് മച്ചാഡോയാണ് ഹീറോ ഓഫ് ദ മാച്ച്. ഗോവ മര്‍ഗോവ ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മച്ചാഡോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. മച്ചാഡോയുടെ തന്നെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മച്ചാഡോ നല്‍കിയ ഹൈബോള്‍ നേരെ മലയാളി താരം സുഹൈറിലേക്ക്. വലതുവിങ്ങിലൂടെ സുഹൈറിന്റെ മുന്നേറ്റം. സുഹൈറില്‍ നിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിലേക്ക് കയറിയ റോച്ചര്‍സെലയുടെ ഇടംകാലന്‍ ഷോട്ട് ബോക്‌സിലുണ്ടായിരുന്ന മച്ചാഡോയുടെ ദേഹത്ത് തട്ടി ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി വലയിലേക്ക്. ഈ ഗോള്‍ മച്ചാഡോയുടെ പേരില്‍ അനുവദിക്കപ്പെടുകയായിരുന്നു.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ബംഗളൂരു 13-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. രാഹുല്‍ ബേക്കെയുടെ ഒരു ത്രോ ബോളിലാണ് ഗോളിന്റെ പിറവി. യുവാനനാണ് പന്ത് വലയിലെത്തിച്ച് ബംഗളൂരുവിന് സമനില ഗോള്‍ സമ്മാനിച്ചത്.ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് ആദ്യ പകുതിയില്‍ കാഴ്ച വെച്ചത്. 

രണ്ടാം പകുതിയില്‍ 70-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മോശം ഡിഫന്‍ഡിങ്ങാണ് ബംഗളൂരുവിന്റെ രണ്ടാം ഗോളിന് കാരണമായത്. ബോക്‌സില്‍ വെച്ച് സുനില്‍ ഛേത്രിയുടെ ഹെഡര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഡിലന്‍ ഫോക്‌സിന് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. ബോക്‌സിലേക്ക് ഓടിയെത്തിയ ഉദാന്ത പന്ത് വലയിലെത്തിക്കുകയായിരുന്നു. 78-ാം മിനിറ്റില്‍ മറ്റൊരു പ്രതിരോധ പിഴവിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില ഗോളും കണ്ടെത്തി. മച്ചാഡോയാണ് പന്ത് വലയിലെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com