പ്രായം 17, ട്രെന്‍ഡ് ബ്രിഡ്ജ്, 84 മിനിറ്റ് ക്രീസില്‍; ഇന്ത്യന്‍ ക്രിക്കറ്റിലെ 'പയ്യന്റെ' വരവ്‌

അരങ്ങേറ്റ ടെസ്റ്റില്‍ എട്ട് പന്തില്‍ ഡക്ക്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയെ തുണച്ചത് ആ പയ്യനും
പ്രായം 17, ട്രെന്‍ഡ് ബ്രിഡ്ജ്, 84 മിനിറ്റ് ക്രീസില്‍; ഇന്ത്യന്‍ ക്രിക്കറ്റിലെ 'പയ്യന്റെ' വരവ്‌

2002ല്‍ ട്രെന്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വിക്കറ്റിന് പിന്നില്‍ പ്രായം കൊണ്ടും വലിപ്പം കൊണ്ടും ചെറിയൊരു പയ്യനെയാണ് ഇന്ത്യ വിക്കറ്റിന് പിന്നില്‍ നിര്‍ത്തിയത്. ആ സമയം പാര്‍ഥീവ് പട്ടേലിന് പ്രായം 17 വയസ്. അരങ്ങേറ്റ ടെസ്റ്റില്‍ എട്ട് പന്തില്‍ ഡക്ക്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയെ തുണച്ചത് ആ പയ്യനും. 

രണ്ടാം ഇന്നിങ്‌സില്‍ 60 ഡെലിവറികള്‍ നേരിട്ട പാര്‍ഥീവ് നേടിയത് 19 റണ്‍സ്. എന്നാല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 84 മിനിറ്റ് ക്രീസില്‍ നിന്നതോടെ പാര്‍ഥീവ് രാജ്യത്തിന്റേയും ടീമിന്റേയും വിശ്വാസം നേടിയെടുത്തു. അവിടെ ടെസ്റ്റ് സമനിലയിലാവുമ്പോള്‍ പുറത്താവാതെ ക്രീസില്‍ പാര്‍ഥീവുണ്ടായിരുന്നു. 

ഗാംഗുലിയും, സച്ചിനും, ദ്രാവിഡും, ലക്ഷ്മണും, യുവരാജുമെല്ലാമുണ്ടായിരുന്ന ഇന്ത്യന്‍ ടീമിലെ ചെറിയ പയ്യനായിരുന്നു പാര്‍ഥീവ്. 2003 ലോകകപ്പില്‍ ഇന്ത്യ കളിക്കുമ്പോള്‍ പാര്‍ഥീവിന് ടീമിന്റെ ജയം മാത്രം പോരായിരുന്നു, പ്ലസ് ടു കടക്കുക എന്ന കടമ്പയും അവിടെ പാര്‍ഥീവിന്റെ മുന്‍പിലുണ്ടായി. 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ടീമിലേക്ക് പാര്‍ഥീവിന് വിളിയെത്തിയിരുന്നു. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും പുലര്‍ത്തിയ മികവ് ഇതില്‍ നിന്ന് വ്യക്തം. 2004ലെ റാവല്‍പിണ്ടി ടെസ്റ്റില്‍ ഷുഐബ് അക്തര്‍ നേതൃത്വം നല്‍കിയ ബൗളിങ് നിരയ്ക്ക് മുന്‍പിലും പാര്‍ഥീവിനെ കുലുക്കാനായില്ല. 69 റണ്‍സ് ആണ് അവിടെ പാര്‍ഥീവ് സ്‌കോര്‍ ചെയ്തത്. 

2002ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചതിന് പിന്നാലെ ഇന്ത്യ എയിലേക്ക്. തന്റെ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയുള്ള ഇന്ത്യയുടെ 20 ടെസ്റ്റില്‍ 19ലും പാര്‍ഥീവ് ടീമിലുണ്ടായി. എന്നാല്‍ 2004ലെ സിഡ്‌നി ടെസ്റ്റില്‍ റിക്കി പോണ്ടിങ്ങിനെ സ്റ്റംപ് ചെയ്യുന്നതില്‍ പിഴച്ചതോടെ താളം തെറ്റലുകള്‍ ആരംഭിച്ചു. കാര്‍ത്തിക്കും, ധോനിയും ഉയര്‍ന്ന് വന്നതോടെ കാര്യങ്ങള്‍ ഗുജറാത്ത് താരത്തിന്റെ കൈകളില്‍ നിന്ന് അകന്ന് തുടങ്ങി. 

ദേശീയ ടീമില്‍ നിന്ന് അകന്ന് നിന്നപ്പോഴും ഐപിഎല്ലില്‍ പട്ടേല്‍ തന്റെ പേര് ഉയര്‍ത്തി പിടിച്ചുകൊണ്ടിരുന്നു. ഐപിഎല്‍ കിരീടം തൊട്ട മൂന്ന് ടീമുകളുടെ ഭാഗമായിരുന്നു പട്ടേല്‍. 2010ല്‍ ചെന്നൈ കിരീടം നേടിയപ്പോഴും, 2015ലും 2017ലും മുംബൈ കിരീടത്തില്‍ മുത്തമിട്ടപ്പോഴും പട്ടേല്‍ ടീമിലുണ്ടായി.

ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കുമ്പോഴും ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികവ് കാണിച്ച് പാര്‍ഥീവ് വിട്ടുകൊടുക്കാതെ പൊരുതി. 2015ല്‍ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സോടെ ഗുജറാത്തിലെ കിരീടത്തിലേക്ക് എത്തിച്ചു. തൊട്ടടുത്ത സീസണില്‍ മുംബൈക്കെതിരെ 143 റണ്‍സ് നേടി രഞ്ജി ട്രോഫി ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ചെയ്‌സിങ് ജയത്തിലേക്കും പാര്‍ഥീവ് മുംബൈക്കെതിരെ ഗുജറാത്തിനെ എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com