ശ്രീശാന്ത് കാത്തിരിക്കണം, ആരോഗ്യ വകുപ്പ് എതിര്‍ത്തു; കെസിഎ പ്രസിഡന്റ്‌സ് കപ്പ് മാറ്റി 

അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്‌സ് ടി20 കപ്പ് മാറ്റിവെച്ചു
ശ്രീശാന്ത് കാത്തിരിക്കണം, ആരോഗ്യ വകുപ്പ് എതിര്‍ത്തു; കെസിഎ പ്രസിഡന്റ്‌സ് കപ്പ് മാറ്റി 

കൊച്ചി: ഗ്രൗണ്ടിലേക്കുള്ള തിരിച്ചു വരവിന് ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന് ഇനിയും കാത്തിരിക്കണം. അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്‌സ് ടി20 കപ്പ് മാറ്റിവെച്ചു. 

കേരളത്തില്‍ ഇപ്പോള്‍ കായിക മത്സരങ്ങളും, പരിശീലനവും ആരംഭിക്കുന്നതിനോട് ആരോഗ്യ വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ടൂര്‍ണമെന്റ് മാറ്റിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഒരു മാസത്തെ സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ നിരീക്ഷിച്ച് കായിക മത്സരങ്ങള്‍ക്ക് അനുമതി നല്‍കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. 

ഡിസംബര്‍ 17നാണ് ടൂര്‍ണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്. ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി ഫോണില്‍ സംസാരിച്ചതായും, കുറച്ചു കൂടി സമയം കാത്തിരിക്കുന്നതാവും ഉചിതം എന്ന് മന്ത്രി നിര്‍ദേശിച്ചതായും കെസിഎ സെക്രട്ടറി ശ്രീജിത് വി നായര്‍ പറഞ്ഞു. അടുത്ത മാസം ടൂര്‍ണമെന്റ് നടത്താനാവും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു. 

ആറ് ടീമുകളെ പങ്കെടുപ്പിച്ചാണ് ടൂര്‍ണമെന്റ്. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയുമായി ചേര്‍ന്നാണ് കെസിഎ ടൂര്‍ണമെന്റ് നടത്തുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ടെന്നും, ഇപ്പോഴത്തെ തീരുമാനം എല്ലാവരേയും നിരാശപ്പെടുത്തുന്നതാണെന്നും കേരള രഞ്ജി താരം സച്ചിന്‍ ബേബി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com