കരുത്തരായ മുംബൈ എഫ്‌സിയെ സമനിലയില്‍ തളച്ച് ജംഷേദ്പുര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ എഫ്‌സി- ജംഷേദ്പുര്‍ മത്സരം സമനിലയില്‍ അവസാനിച്ചു
മുംബൈ എഫ്‌സി-ജംഷേദ്പുര്‍ മത്സരം/ ട്വിറ്റര്‍ ചിത്രം: ഐഎസ്എല്‍
മുംബൈ എഫ്‌സി-ജംഷേദ്പുര്‍ മത്സരം/ ട്വിറ്റര്‍ ചിത്രം: ഐഎസ്എല്‍

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ എഫ്‌സി- ജംഷേദ്പുര്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗോവയിലെ ബംബോലി മൈതാനത്തിലായിരുന്നു മത്സരം.

കളിയുടെ 28-ാം മിനിട്ടില്‍ പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പ്രകടനമാണ് ജംഷേദ്പുര്‍ കാഴ്ചവെച്ചത്. ജംഷേദ്പുരിനായി സൂപ്പര്‍ താരം നെരിയസ് വാല്‍സ്‌കിസും മുംബൈയ്ക്ക് വേണ്ടി പരിചയ സമ്പന്നനായ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയും സ്‌കോര്‍ ചെയ്തു. ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. മുംബൈ ഇതോടെ തുടര്‍ച്ചയായ അഞ്ചുമത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്നു. ജംഷേദ്പുര്‍ നായകന്‍ പീറ്റര്‍ ഹാര്‍ട്‌ലി ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

എട്ടാം മിനിട്ടിലാണ് മുംബൈ എഫ്‌സിയെ ഞെട്ടിച്ച് ആദ്യ ഗോള്‍ പിറന്നത്. മുംബൈ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് വാല്‍സ്‌കിസ് ഗോള്‍ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആറാം ഗോളാണിത്.

ഒരു ഗോള്‍ വഴങ്ങിയതോടെ മുംബൈ ഉണര്‍ന്നുകളിച്ചു. അതിന് 15-ാം മിനിട്ടില്‍ ഫലവും ലഭിച്ചു. മികച്ച പാസ്സിങ് ഗെയിമിലൂടെ മുംബൈ സമനില ഗോള്‍ നേടി. സൂപ്പര്‍ താരം ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയാണ് ടീമിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗോള്‍കീപ്പര്‍ രഹ്നെഷിനെ നിസ്സഹായനാക്കി ഒഗ്‌ബെച്ചെ മികച്ച ഷോട്ടുതിര്‍ത്ത് വലകുലുക്കി. 

82ാം മിനിട്ടില്‍ മുംബൈയുടെ ഗോളെന്നുറച്ച ഷോട്ട് മലയാളി ഗോള്‍കീപ്പര്‍ രഹ്നേഷ് അതിമനോഹരമായി തട്ടിയകറ്റി. ബോള്‍ വീണ്ടും പോസ്റ്റിലേക്ക് വീഴാന്‍ തുടങ്ങിയപ്പോള്‍ ചാടിയെഴുന്നേറ്റ് രഹ്നേഷ് അത് തട്ടിയൊഴിവാക്കി അപകടത്തില്‍ നിന്നും ജംഷേദ്പുരിനെ രക്ഷിച്ചു. ഈ ഇരട്ട സേവ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com