ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ജയം അനിവാര്യം; പോയിന്റ് കണക്ക് ഇങ്ങനെ

ഈ വെല്ലുവിളികള്‍ മുന്‍പില്‍ നില്‍ക്കെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളും ഇന്ത്യയുടെ സമ്മര്‍ദം കൂട്ടുന്നുണ്ട്
വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്/ ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്/ ഫയല്‍ ഫോട്ടോ

അഡ്‌ലെയ്ഡ്: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോര് നാളെ അഡ്‌ലെയ്ഡില്‍ ആരംഭിക്കും. ഇന്ത്യക്ക് പുറത്ത് ആദ്യമായി രാത്രി പകല്‍ ടെസ്റ്റ് കളിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ തവണ എത്തിയതിനേക്കാള്‍ കരുത്തരുമാണ് ഓസീസ് ടീം ഇപ്പോള്‍. ഈ വെല്ലുവിളികള്‍ മുന്‍പില്‍ നില്‍ക്കെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളും ഇന്ത്യയുടെ സമ്മര്‍ദം കൂട്ടുന്നുണ്ട്. 

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 114 റേറ്റിങ് പോയിന്റ്‌സ് ആണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. 116.46 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. 116.37 പോയിന്റാണ് രണ്ടാമതുള്ള ന്യൂസിലാന്‍ഡിന് ഉള്ളത്. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ജയം പിടിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്ഥാനം മെച്ചപ്പെടുത്താം. പാകിസ്ഥാന് എതിരെയാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത ടെസ്റ്റ് പരമ്പര. ഇവിടെ 2-0ന് ജയം പിടിച്ചാല്‍ ന്യൂസിലാന്‍ഡിന്റെ പോയിന്റ് 420ലേക്ക് ഉയരും. 

അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്ക് പിന്നെ വരുന്ന എട്ട് ടെസ്റ്റില്‍ അഞ്ച് ജയമോ, നാല് ജയവും മൂന്ന് സമനിലയുമോ വേണം. ഓസ്‌ട്രേലിയക്കും, ഇംഗ്ലണ്ടിനും എതിരായ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യക്ക് ജയം ഉറപ്പാക്കണം എന്ന് വ്യക്തം. ഇന്ത്യക്കെതിരായ പരമ്പരയോടെ ഒന്നുകില്‍ ഓസ്‌ട്രേലിയക്ക് ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്താനാവും. അതല്ലെങ്കില്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ ന്യൂസിലാന്‍ഡിന് വഴി തുറക്കാനും സാധിക്കും. 

കോവിഡ് ഇടവേള കഴിഞ്ഞതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റെ നയം ഐസിസി മാറ്റിയത്. പോയിന്റ് ശരാശരിയുടെ അടിസ്ഥാനത്തില്‍ സ്ഥാനം നിര്‍ണയിച്ചതോടെ ഒന്നാമതായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com