ടോസ് നേടിയ കോഹ്‌ലി തോല്‍വി അറിഞ്ഞിട്ടില്ല, അഡ്‌ലെയ്ഡിലും പതിവ് തുടരാന്‍ ഇന്ത്യന്‍ നായകന്‍

വിദേശത്ത് 10 വട്ടം ടോസ് ഭാഗ്യം തുണച്ചപ്പോള്‍ എട്ട് തവണയും കോഹ് ലി ജയിച്ചു കയറി
വിരാട് കോഹ്‌ലി, പെയ്ന്‍/ ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
വിരാട് കോഹ്‌ലി, പെയ്ന്‍/ ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

അഡ്‌ലെയ്ഡ്: മുന്‍തൂക്കം ആതിഥേയര്‍ക്കാണെങ്കിലും പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കോഹ്‌ലി ടോസ് നേടിയതോടെ വിജയ പ്രതീക്ഷ കൂട്ടി ഇന്ത്യ. ടോസ് നേടിയ ഒരു ടെസ്റ്റില്‍ പോലും കോഹ് ലി തോല്‍വി തൊട്ടിട്ടില്ല.

ടോസ് നേടിയ  21 ടെസ്റ്റിലും ഇന്ത്യന്‍ നായകന്‍ ജയം പിടിച്ചു. വിദേശത്ത് 10 വട്ടം ടോസ് ഭാഗ്യം തുണച്ചപ്പോള്‍ എട്ട് തവണയും കോഹ് ലി ജയിച്ചു കയറി. 55 ടെസ്റ്റിലാണ് കോഹ് ലി ഇതുവരെ ഇന്ത്യയെ നയിച്ചത്. അതില്‍ 33 എണ്ണത്തില്‍ ഇന്ത്യയെ ജയിച്ചു കയറ്റിയപ്പോള്‍ തോറ്റത് 12 ടെസ്റ്റിലും. 10 കളികള്‍ സമനിലയിലായി.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലും ജയം പിടിച്ച് ആ പതിവ് കോഹ് ലിക്ക് തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ഇന്നിങ്‌സിലെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെ പൃഥ്വി ഷായെ ഇന്ത്യക്ക് നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്ക് പൃഥ്വിയുടെ സ്റ്റംപ് ഇളക്കുകയായിരുന്നു.

തുടക്കത്തിലേ നേരിട്ട പ്രഹരത്തില്‍ നിന്ന് ഇന്ത്യയെ പതിയെ കരകയറ്റി കൊണ്ടുവരികയാണ് പൂജാരയും, മായങ്ക് അഗര്‍വാളും. ഗില്ലിന് പകരം പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചിട്ടും പൃഥ്വി ഷായ്ക്ക് കിട്ടിയ അവസരം മുതലാക്കാന്‍ സാധിക്കാതെ വരികയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും പൃഥ്വി പരാജയപ്പെട്ടാല്‍ കെ എല്‍ രാഹുല്‍, ഗില്‍ എന്നിവരിലൊരാള്‍ക്ക് ടീമിലേക്ക് വിളിയെത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com