ഇനിയും ഉപദ്രവം സഹിക്കാന്‍ വയ്യ, രാജ്യാന്തര ക്രിക്കറ്റ് ഉപേക്ഷിക്കുന്നതായി മുഹമ്മദ് ആമിര്‍

ദേശീയ ടീം മാനേജ്‌മെന്റ് മാനസികമായി ഉപദ്രവിക്കുന്നു എന്ന് ആരോപിച്ചാണ് മുഹമ്മദ് ആമിറിന്റെ പ്രഖ്യാപനം
മുഹമ്മദ് ആമിര്‍/ഫോട്ടോ: എപി
മുഹമ്മദ് ആമിര്‍/ഫോട്ടോ: എപി

ലാഹോര്‍: രാജ്യാന്തര ക്രിക്കറ്റ് മതിയാക്കുന്നതായി പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ദേശീയ ടീം മാനേജ്‌മെന്റ് മാനസികമായി ഉപദ്രവിക്കുന്നു എന്ന് ആരോപിച്ചാണ് മുഹമ്മദ് ആമിറിന്റെ പ്രഖ്യാപനം.

2019 ജൂണിലാണ് മുഹമ്മദ് ആമിര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്. ജോലിഭാരം ചൂണ്ടിക്കാണിച്ചായിരുന്നു അത്. നിലവിലെ പാക് ടീം മാനേജ്‌മെന്റിന്റെ കീഴില്‍ കളിക്കാന്‍ താത്പര്യം ഇല്ലെന്നാണ് ആമിറിന്റെ നിലപാട്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയത് തനിക്കുള്ള സൂചനയാണെന്ന് മനസിലാക്കുന്നതായും മുഹമ്മദ് ആമിര്‍ പറഞ്ഞു.

ഞാന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് പോവുകയല്ല. ഇവിടുത്തെ സാഹചര്യവും, എന്നെ മാറ്റി നിര്‍ത്തിയിരിക്കുന്നതും കാണുന്നില്ലേ. 35 അംഗ സംഘത്തില്‍ എന്നെ ഉള്‍പ്പെടുത്താതെ വന്നപ്പോള്‍ തന്നെ എനിക്ക് സൂചന ലഭിച്ചു കഴിഞ്ഞു, പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷുഐബ് ജാട്ട് പങ്കുവെച്ച വീഡിയോയില്‍ മുഹമ്മദ് ആമിര്‍ പറയുന്നു.

ഈ മാനേജ്‌മെന്റിന് കീഴില്‍ ക്രിക്കറ്റ് കളിക്കാനാവും എന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ ക്രിക്കറ്റ് ഉപേക്ഷിക്കണം എന്നാണ് തോന്നുന്നത്. മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും പീഡനങ്ങളേറ്റ് എനിക്ക് തുടരാനാവില്ല. 2010-15 കാലത്ത് ഒരുപാട് പീഡനങ്ങള്‍ ഞാന്‍ നേരിട്ട് കഴിഞ്ഞു.

പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ നജം സെതി, മുന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി എന്നിവര്‍ക്കാണ് ഞാന്‍ നന്ദി പറയുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ എന്നെ പിന്തുണച്ചത് അവരാണ്. ബാക്കിയുള്ള ടീം അംഗങ്ങള്‍ പറഞ്ഞത് മുഹമ്മദ് ആമിറിനൊപ്പം കളിക്കില്ല എന്നാണ്, മുഹമ്മദ് ആമിര്‍ പറയുന്നു.

2009ലാണ് ആമിര്‍ അരങ്ങേറ്റം കുറിക്കുന്നത്. പാകിസ്ഥാന് വേണ്ടി ആദ്യമായി കളിക്കുമ്പോള്‍ 17 വയസായിരുന്നു ആമിറിന്റെ പ്രായം. രാജ്യാന്തര ക്രിക്കറ്റില്‍ വലിയ പേര് നേടി വരുമ്പോഴാണ് ഒത്തുകളിയുടെ പേരില്‍ ആമിറിന് നേര്‍ക്ക് 5 വര്‍ഷത്തെ വിലക്ക് വരുന്നത്. 2016 ജൂലൈയില്‍ വിലക്കിന് ശേഷം ആമിര്‍ കളിക്കാനിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com