നോര്‍ത്ത് ഈസ്റ്റിന്റെ കുതിപ്പ് തടഞ്ഞ് ജംഷേദ്പുര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വാശിയേറിയ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ് സി
നോര്‍ത്ത് ഈസ്റ്റ്- ജംഷേദ്പുര്‍ മത്സരം/ ഐഎസ്എല്‍ ചിത്രം
നോര്‍ത്ത് ഈസ്റ്റ്- ജംഷേദ്പുര്‍ മത്സരം/ ഐഎസ്എല്‍ ചിത്രം

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വാശിയേറിയ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ് സി. ഈ സീസണില്‍ തോല്‍വിയറിയാതെ മുന്നേറിയ നോര്‍ത്ത് ഈസ്റ്റിന് കടിഞ്ഞാണിടുന്ന പ്രകടനമാണ് ജംഷേദ്പുര്‍ പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ അനികേത് ജാദവാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ജംഷേദ്പുര്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്ത് തുടരുന്നു. 

രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ പെനാല്‍ട്ടി കിക്ക് രക്ഷിച്ചെടുത്ത് ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി പി രഹ്നേഷ്് താരമായി്. ജംഷേദ്പുരിന്റെ നായകന്‍ പീറ്റര്‍ ഹാര്‍ട്ലി ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കുന്നത്. 

രണ്ടാം പകുതി ആരംഭിച്ച ഉടന്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന് മികച്ച ഒരു ഫ്രീകിക്ക് അവസരം ലഭിച്ചു. സില്ല എടുത്ത കിക്ക് എന്നാല്‍ ക്രോസ് ബാറിനെ തൊട്ടുരുമ്മി കടന്നുപോയി. തൊട്ടുപിന്നാലെ ജംഷേദ്പുര്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടുന്നത്.

53-ാം മിനിട്ടില്‍ യുവതാരം അനികേത് ജാദവാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. മികച്ച ഒരു ടീം ഗെയിമിന്റെ ഭാഗമായാണ് ജംഷേദ്പുര്‍ ഗോള്‍ കണ്ടെത്തിയത്. ജാക്കിചന്ദ് സിങ്ങിന്റെ പാസ്സില്‍ നിന്നാണ് അനികേത് അനായാസം വല ചലിപ്പിച്ചത്. അനികേതിന്റെ സീസണിലെ ആദ്യ ഗോളാണിത്. 

ഗോള്‍ വഴങ്ങിയശേഷം നോര്‍ത്ത് ഈസ്റ്റ് ഉണര്‍ന്നു കളിച്ചു. ഇതോടെ കളി ആവേശത്തിലായി.  64-ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്സിനുള്ളില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ബെഞ്ചമിന്‍ ലാംപര്‍ട്ടിനെ ബോക്സിനുള്ളില്‍ എസ്സെ വീഴ്ത്തിയതിന് റഫറി പെനാല്‍ട്ടി വിധിച്ചു. സില്ല എടുത്ത കിക്ക് ഡൈവിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ചാടി വീണ് രക്ഷിച്ചെടുത്ത് മലയാളി ഗോള്‍കീപ്പര്‍ രഹ്നേഷ് ജംഷേദ്പുരിന് രക്ഷകനായി. സീസണില്‍ മിന്നുന്ന ഫോം തുടരുന്ന രഹ്നേഷ് സീസണിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണ് ഇന്ന് കാഴ്ചവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com