2020 ലെ മികച്ച പുരുഷ താരം ലെവൻഡോവസ്കി, റൊണാള്‍ഡോ രണ്ടാമൻ; ഫിഫ പുരസ്കാരം പ്രഖ്യാപിച്ചു 

റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ വിജയിയായിരുന്ന മെസിയാണ് മൂന്നാമത്. 
റോബര്‍ട്ട് ലെവന്‍ഡോവസ്കി/ ട്വിറ്റർ
റോബര്‍ട്ട് ലെവന്‍ഡോവസ്കി/ ട്വിറ്റർ

വർഷത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ഫിഫയുടെ പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവസ്കിക്ക്. ക്രിസ്റ്റ്യാനോ റൊണാണാള്‍ഡോയും ലിയോണല്‍ മെസിയേയും പിന്തള്ളിയാണ് ലെവന്‍ഡോവസ്കി സുവർണനേട്ടം കൈവരിച്ചത്. ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ് ലിഗയിലും കിരീടത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് ലെവന്‍ഡോവസ്കി.

2018ല്‍ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയതൊഴിച്ചാല്‍ മെസിയും റൊണാണ്‍ഡോയും അല്ലാതെ ഈ പുരസ്കാരം നേടുന്ന ആദ്യ താരമാണ് ലെവന്‍ഡോവസ്കി. റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ വിജയിയായിരുന്ന മെസിയാണ് മൂന്നാമത്. 

ഇംഗ്ലീഷ് താരം ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രതിരോധനിര താരം കൂടിയാണ് ലൂസി. ടോട്ടനത്തിന്‍റെ സണ്‍ ഹ്യൂംഗ് മിനിനാണ് മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം. ബേണ്‍ലിക്കെതിരെ നേടിയ ഗോളിനാണ് അം​ഗീകാരം നേടിയത്. 

ബയേണിന്‍റെയും ജര്‍മനിയുടെയും വല കാക്കുന്ന മാന്വല്‍ ന്യൂയറിനാണ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം. ബയേണിനായി ബുണ്ടസ്‍ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും അസാമാന്യ പ്രകടനമാണ് ഈ സൂപ്പര്‍ സ്റ്റോപ്പര്‍ കാഴ്ചവെച്ചത്. ഫ്രാന്‍സിന്‍റെ സാറ ബൗഹാദിയാണ് വനിതകളില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ വര്‍ഷങ്ങള്‍ നീണ്ട കിരീട വളര്‍ച്ചയ്ക്ക് അന്ത്യം കുറിച്ച  പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിനാണ് ഇത്തവണയും മികച്ച പുരുഷ ടീമിന്‍റെ പരിശീലകനുള്ള പുരസ്കാരം. വനിത വിഭാഗത്തില്‍ 2019 ലോകകപ്പില്‍ നെതര്‍ലന്‍ഡിനെ ഫൈനലിലേക്ക് നയിച്ച പരിശീലക സെറീന വെയ്ഗ്മാനാണ് പുരസ്കാരം സ്വന്തമാക്കിയത്. ഫിഫയുടെ ലോക ഇലവനില്‍ ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാണ്‍ഡോയും അടക്കമുള്ള പ്രമുഖര്‍ ഇടം നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com