ഉജ്ജ്വല ജയത്തോടെ പരമ്പര തുടങ്ങി ഓസ്‌ട്രേലേിയ; അഡ്‌ലെയ്ഡില്‍ 8 വിക്കറ്റ് ജയം

മൂന്നാം ദിനം രണ്ടാം സെഷനില്‍ ഓസ്‌ട്രേലിയ ജയം പിടിച്ച് കളി അവസാനിപ്പിച്ചു
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന്റെ ഉജ്ജ്വല ജയം. ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് പുറത്താക്കിയതിന് പിന്നാലെ 90 റണ്‍സ് വിജയ ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ പിന്നിട്ടു. മൂന്നാം ദിനം രണ്ടാം സെഷനില്‍ ഓസ്‌ട്രേലിയ ജയം പിടിച്ച് കളി അവസാനിപ്പിച്ചു.

ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്‍പിലെത്തി. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ ഒരു തരത്തിലുമുള്ള ഭീഷണിയും ആത്മവിശ്വാസം നഷ്ടപ്പെട്ട ഇന്ത്യ ടീമില്‍ നിന്നുണ്ടായില്ല. ഓസ്‌ട്രേലിയക്ക് നഷ്ടപ്പെട്ട ഒരു വിക്കറ്റ് റണ്‍ഔട്ടിലൂടെയായിരുന്നു. 53 പന്തില്‍ നിന്ന് 33 റണ്‍സ് എടുത്ത് നിന്ന വേഡിനെ സാഹ റണ്‍ഔട്ട് ആക്കുകയായിരുന്നു.

ഓസ്‌ട്രേലിയ വിജയത്തോട് അടുത്ത സമയം 6 റണ്‍സ് എടുത്ത് നിന്ന് ലാബുഷെയ്‌നിനെ അശ്വിന്‍ മായങ്ക് അഗര്‍വാളിന്റെ കൈകളില്‍ എത്തിച്ചു.ജോ ബേണ്‍സ് 51 റണ്‍സോടെ പുറത്താവാതെ നിന്നു.

ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പുറമെ, മുഹമ്മദ് ഷമി, ഹനുമാ വിഹാരി എന്നിവരുടെ പരിക്കും അഡ്‌ലെയ്ഡ് ടെസ്റ്റോടെ ഇന്ത്യക്ക് തലവേദന ഉയര്‍ത്തുന്നു. മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ ബൂമ്രയുടെ വിക്കറ്റ് വീണതോടെ തുടങ്ങിയ പതനത്തില്‍ നിന്ന് തിരിച്ചു കയറാന്‍ ഇന്ത്യക്കായില്ല.

മൂന്നാം ദിനം കളി തുടങ്ങി ആറ് റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടി ചേര്‍ത്തപ്പോഴേക്കും ബൂമ്രയുടെ വിക്കറ്റ് കമിന്‍സ് പിഴുതു. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍ 15. 15ല്‍ തന്നെ ഇന്ത്യയുടെ സ്‌കോര്‍ നില്‍ക്കുമ്പോഴേക്കും പൂജാരയും, മായങ്കും, രഹാനേയും കൂടി മടങ്ങി. 19 റണ്‍സിലേക്ക് ഇന്ത്യന്‍ സ്‌കോര്‍ എത്തിയപ്പോള്‍ നായകന്‍ കോഹ് ലിയും മടങ്ങി.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണ് അഡ്‌ലെയ്ഡില്‍ പിറന്നത്. ടെസ്റ്റ് ചരിത്രത്തിലെ നാലാമത്തെ കുറഞ്ഞ ടോട്ടലും. 26 റണ്‍സില്‍ ഓള്‍ഔട്ട് ആയ ന്യൂസിലാന്‍ഡിന്റേതാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com