മുഹമ്മദ് ഷമിക്ക് ആറ് ആഴ്ച നഷ്ടം; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലും കളിക്കാനാകില്ല 

കമിന്‍സിന്റെ ബൗണ്‍സറേറ്റ് ഷമിയുടെ കൈക്കുഴയ്ക്ക് പൊട്ടലുണ്ട്. ആറ് ആഴ്ചയാണ് ഷമിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്
മുഹമ്മദ് ഷമി/ ഫയല്‍ ചിത്രം
മുഹമ്മദ് ഷമി/ ഫയല്‍ ചിത്രം

മെല്‍ബണ്‍: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കമിന്‍സിന്റെ ബൗണ്‍സറേറ്റ് പരിക്കേറ്റ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ആറാഴ്ച നഷ്ടമാവും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റും ഷമിക്ക് നഷ്ടമായേക്കും എന്നാണ് സൂചന. 

കമിന്‍സിന്റെ ബൗണ്‍സറേറ്റ് ഷമിയുടെ കൈക്കുഴയ്ക്ക് പൊട്ടലുണ്ട്. ആറ് ആഴ്ചയാണ് ഷമിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്. കയ്യിലെ ബാന്‍ഡേജ് മാറ്റിയാല്‍ ബംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലാവും ഷമി പരിശീലനം നടത്തുക. ചൊവ്വാഴ്ച ഷമി ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചിരുന്നു. 

2018-19ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കണ്ണുകളെല്ലാം തന്നിലേക്ക് എത്തിക്കാന്‍ ഷമിക്ക് കഴിഞ്ഞിരുന്നു. അന്ന് നാല് ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റ് ഷമി വീഴ്ത്തി. എന്നാല്‍ ഇത്തവണ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മാത്രമാണ് ഷമിക്ക് പന്തെറിയാനായത്.

പരിക്കില്‍ നിന്ന് മുക്തനാവാനും, അതിന് ശേഷമുള്ള പരിശീലനം ആരംഭിക്കാനും ആറാഴ്ചത്തെ വിശ്രമമാണ് ഷമിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷമിയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിലേക്ക് എത്തുമെന്നാണ് സൂചന. ഡിസംബര്‍ 26നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com