മെല്‍ബണില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ പറപറത്തും: ഷെയ്ന്‍ വോണ്‍

അഡ്‌ലെയ്ഡില്‍ നേരിട്ട അപമാനത്തിന്റെ ഷോക്കിലാണ് ഇപ്പോഴും സന്ദര്‍ശകര്‍ എന്ന് വോണ്‍ പറഞ്ഞു
ഷെയ്ന്‍ വോണ്‍/ ഫയല്‍ ചിത്രം
ഷെയ്ന്‍ വോണ്‍/ ഫയല്‍ ചിത്രം

മെല്‍ബണ്‍: മെല്‍ബണില്‍ ഇന്ത്യയെ ഓസ്‌ട്രേലിയ പറ പറത്തുമെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. അഡ്‌ലെയ്ഡില്‍ നേരിട്ട അപമാനത്തിന്റെ ഷോക്കിലാണ് ഇപ്പോഴും സന്ദര്‍ശകര്‍ എന്ന് വോണ്‍ പറഞ്ഞു. 

ഇന്ത്യയെ ഓസ്‌ട്രേലിയ പറത്തുമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ പറയുമ്പോഴും കെ എല്‍ രാഹുലിനെ പോലെ ക്ലാസ് താരങ്ങള്‍ അവര്‍ക്കുണ്ട് എന്നത് കാണാതെ പോവരുത്. യുവതാരം ഗില്‍ വരും. രഹാനെ ക്ലാസ് പ്ലേയറാണ്. പൂജാരയ്ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, വോണ്‍ പറഞ്ഞു. 

മുഹമ്മദ് ഷമിയുടെ അഭാവം വലിയ നഷ്ടമാണ്. അത്രയും ക്വാളിറ്റിയുള്ള ബൗളറാണ് ഷമി. മെല്‍ബണിലെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍, ഡ്രോപ്പ് ഇന്‍ പിച്ചുകളില്‍, ഷമിയുടെ സീമും ലെങ്ത് ബോളും വലിയ ആഘാതം തീര്‍ക്കാന്‍ പ്രാപ്തമായവയായിരുന്നതായി വോണ്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ ബാറ്റിങ് തകര്‍ച്ചയുടെ പേരില്‍ വിമര്‍ശിക്കുന്നതിന് പകരം, ഓസ്‌ട്രേലിയന്‍ പേസ് ആക്രമണത്തിന് ക്രഡിറ്റ് നല്‍കുകയാണ് ചെയ്യേണ്ടത്. ആ ബൗളിങ് ആക്രമണം വിശിഷ്ടമായിരുന്നു. അഡ്‌ലെയ്ഡില്‍ അവരുടെ നീക്കങ്ങള്‍ വിസ്മയിപ്പിച്ചു. ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച ബൗളിങ് യൂണിറ്റ് എന്ന പേര് സ്വന്തമാക്കുന്നതിന് അവര്‍ ഒരുങ്ങുകയാണ്. 

കമിന്‍സ്, ഹസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഈ ഫോം നാല് അഞ്ച് വര്‍ഷം കൂടി നിലനിര്‍ത്തിയാല്‍ ഓസ്‌ട്രേലിയ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബൗളിങ് നിര എന്ന പേര് ഇവര്‍ സ്വന്തമാക്കിയേക്കും എന്നും വോണ്‍ പറഞ്ഞു. ഡിസംബര്‍ 26ന് മെല്‍ബണിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com