നടരാജന്‍ ഇതുവരെ തന്റെ കുഞ്ഞിനെ കണ്ടിട്ടില്ല, ഇന്ത്യന്‍ ടീമില്‍ രണ്ട് നീതി: സുനില്‍ ഗാവസ്‌കര്‍  

അശ്വിന്റേയും, ടി നടരാജന്റേയും ഉദാഹരണങ്ങള്‍ ചൂണ്ടിയാണ് ഗാവസ്‌കറിന്റെ വിമര്‍ശനം
കോഹ്‌ലി, സുനില്‍ ഗാവസ്‌കര്‍/ഫയല്‍ ചിത്രം
കോഹ്‌ലി, സുനില്‍ ഗാവസ്‌കര്‍/ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ടീമിലെ ഓരോ കളിക്കാര്‍ക്കും ഓരോ നിയമങ്ങളാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. അശ്വിന്റേയും, ടി നടരാജന്റേയും ഉദാഹരണങ്ങള്‍ ചൂണ്ടിയാണ് ഗാവസ്‌കറിന്റെ വിമര്‍ശനം.

അശ്വിന്റെ മികവിനെ കുറിച്ച് ആര്‍ക്കും ഒരു സംശയവും ഇല്ല. എന്നാല്‍ ഒരു മത്സരത്തില്‍ അശ്വിന് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അശ്വിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടും. എന്നാല്‍ ടീമിലെ ചില സ്ഥിര ബാറ്റ്‌സ്മാന്മാരുടെ കാര്യത്തില്‍ ഇത് ബാധകമല്ല, ഗാവസ്‌കര്‍ പറഞ്ഞു. 

ടി നടരാജന്റെ കാര്യവും അതുപോലെ തന്നെയാണ്. ഐപിഎല്‍ പ്ലേഓഫ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പാണ് നടരാജന് കുഞ്ഞ് ജനിച്ചത്. എന്നാല്‍ ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ടതോടെ നടരാജന്‍ കുഞ്ഞിനെ കാണാനായി നാട്ടിലേക്ക് പോയില്ല. ടീമിന്റെ ബയോ ബബിള്‍ സര്‍ക്കിളിനുള്ളില്‍ തുടരുന്നതിനായി നടരാജന്‍ ടീമിനൊപ്പം നേരെ ഓസ്‌ട്രേലിയയിലേക്ക് പറന്നു. 

ഓസീസ് പര്യടനത്തിനുള്ള നെറ്റ് ബൗളറായാണ് നടരാജനെ തെരഞ്ഞെടുത്തത് എന്ന് ഓര്‍ക്കണം. ഏകദിന, ടി20 ടീമില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീടാണ്. ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ ഇല്ലെങ്കിലും നെറ്റ് ബൗളറായി തുടരുന്നതിനാല്‍ അദ്ദേഹത്തിന് ഇനിയും തന്റെ മകളെ കാണാനായിട്ടില്ല, ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

ഓസ്‌ട്രേലിയക്കെതിരായ ഇനിയുള്ള മൂന്ന് ടെസ്റ്റുകളില്‍ നിന്ന് അവധിയെടുത്താണ് കോഹ് ലി നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗാവസ്‌കറിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. മാസങ്ങള്‍ക്ക് ശേഷമാണ് ഗാവസ്‌കര്‍ തന്റെ മകനെ ആദ്യമായി കണ്ടത് എന്ന് കപില്‍ ദേവും അടുത്തിടെ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com