ബോക്‌സിങ് ഡേ ടെസ്റ്റ്:‌ ആദ്യ 27ല്‍ 13 ഓവറും സ്പിന്നര്‍മാര്‍, കയ്യടി നേടി രഹാനെയുടെ ക്യാപ്റ്റന്‍സി 

ആദ്യ ദിനത്തിലെ ആദ്യ സെഷന്‍ പിന്നിട്ടപ്പോള്‍ തന്നെ രഹാനെയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്
മെല്‍ബണില്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ആര്‍ അശ്വിന്‍/ഫോട്ടോ: എപി
മെല്‍ബണില്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ആര്‍ അശ്വിന്‍/ഫോട്ടോ: എപി

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലെ ആദ്യ ദിനത്തിലെ ആദ്യ സെഷന്‍ പിന്നിട്ടപ്പോള്‍ തന്നെ രഹാനെയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്. രഹാനെ തന്റെ ബൗളര്‍മാരെ പിന്തുണച്ചതായി മഗ്രാത്ത് പറഞ്ഞു. 

ഒരു സമയത്ത് നാല് സ്ലിപ്പിലും ഗള്ളിയിലും രഹാനെ ഫീല്‍ഡര്‍മാരെ നിര്‍ത്തി. സ്മിത്ത് ക്രീസിലേക്ക് എത്തിയപ്പോള്‍ ബൂമ്രയെ തിരികെ കൊണ്ടുവന്ന് സമ്മര്‍ദം കൂട്ടി. രഹാനെയുടെ ക്യാപ്റ്റന്‍സി വളരെ നന്നായിരുന്നു എന്നാണ് എനിക്ക് തോന്നിയത്, മഗ്രാത്ത് പറഞ്ഞു. 

ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് ഒരു പാറ്റേണ്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതുണ്ടായില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ പറഞ്ഞു. ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിന്റെ തുടക്കത്തില്‍ 9 ഓവര്‍ സ്പിന്നര്‍മാര്‍ എറിയുന്നത് സാധാരണ നമ്മള്‍ കാണാറില്ല. രണ്ട് ഭാഗങ്ങളില്‍ നിന്നും ആക്രമിച്ചു. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് പിച്ചിലെ ഈര്‍പ്പം ഉപയോഗിക്കാന്‍ സ്പിന്നര്‍മാരെ ഇറക്കുകയായിരുന്നു രഹാനെ, ജഡേജ പറഞ്ഞു. 

മെല്‍ബണില്‍ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിനെ കൊണ്ടുവന്നായിരുന്നില്ല രഹാനെ ആദ്യ ബൗളിങ് ചെയ്ഞ്ച് വരുത്തിയത്. 11ാം ഓവറില്‍ തന്നെ ആര്‍ അശ്വിനെയാണ് രഹാനെ കൊണ്ടുവന്നത്. നായകന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത അശ്വിന്‍ മാത്യു വേഡിനേയും സ്റ്റീവ് സ്മിത്തിനേയും മടക്കി. ഷോക്കിങ് ഷോട്ടിന് ശ്രമിച്ച് വേഡ് മടങ്ങിയപ്പോള്‍ ലെഗ് ഗള്ളിയില്‍ പിടികൊടുത്ത് മടങ്ങുകയായിരുന്നു അശ്വിന്റെ ഡെലിവറിയില്‍ സ്മിത്ത്. 

ആദ്യ 27 ഓവറില്‍ 13 ഓവറും രഹാനെ സ്പിന്നര്‍മാരുടെ കൈകളിലേക്കാണ് നല്‍കിയത്. ടോസിന്റെ സമയത്ത് പിച്ചിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യം രഹാനെ ചൂണ്ടിക്കാണിച്ചിരുന്നു. അഡ്‌ലെയ്ഡിലെ തോല്‍വിയില്‍ നിന്ന് നല്ല തിരിച്ചു വരവാണ് ഇന്ത്യ നടത്തിയിരിക്കുന്നത് എന്ന് അലന്‍ ബോര്‍ഡര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com