മായങ്ക് മടങ്ങിയെങ്കിലും ഭയമേതുമില്ലാതെ ശുഭ്മാന്‍ ഗില്‍; വലിയ ഭീഷണിയില്ലാതെ ആദ്യ ദിനം കടന്ന് ഇന്ത്യ

മായങ്ക് അഗര്‍വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്‍പില്‍ കുടുക്കി മടക്കിയെങ്കിലും പോസിറ്റീവ് ക്രിക്കറ്റുമായി ശുഭ്മാന്‍ ഗില്‍ ഇന്ത്യയെ ഫ്രണ്ട് ഫൂട്ടിലേക്ക് എത്തിച്ചു
മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ആഘോഷിക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക്/ ഫോട്ടോ: എപി
മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ആഘോഷിക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക്/ ഫോട്ടോ: എപി

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിച്ച് ഇന്ത്യ. ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ അവസാനത്തെ ഡെലിവറിയില്‍ തന്നെ മായങ്ക് അഗര്‍വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്‍പില്‍ കുടുക്കി മടക്കിയെങ്കിലും പോസിറ്റീവ് ക്രിക്കറ്റുമായി ശുഭ്മാന്‍ ഗില്‍ ഇന്ത്യയെ ഫ്രണ്ട് ഫൂട്ടിലേക്ക് എത്തിച്ചു. 

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 38 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെ അകമ്പടിയോടെ 28 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ് ശുഭ്മാന്‍ ഗില്‍. 23 പന്തില്‍ നിന്ന് ഏഴ് റണ്‍സുമായി പൂജാരയാണ് ഗില്ലിന് കൂട്ടായി ക്രീസില്‍. 159 റണ്‍സ് ആണ് ഒന്നാം ഇന്നിങ്‌സില്‍ ലീഡിലേക്ക് എത്താനായി ഇന്ത്യക്ക് ഇനി മറികടക്കേണ്ടത്. 

ഓസ്‌ട്രേലിയയെ 195 റണ്‍സിന് പുറത്താക്കിയതിന്റെ ആത്മവിശ്വാസം ബാറ്റിങ്ങില്‍ മുതലെടുക്കാനാവാതെ മടങ്ങുകയായിരുന്നു മായങ്ക്. 6 പന്തിലാണ് മായങ്ക് ഡക്കായത്. അഡ്‌ലെയ്ഡ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും മായങ്ക് നിരാശപ്പെടുത്തിയിരുന്നു. മെല്‍ബണില്‍ എറൗണ്ട് ഓഫായി എത്തിയ സ്റ്റാര്‍ക്കിന്റെ ഗുഡ് ലെങ്ത് ബോളില്‍ പ്രതിരോധിക്കാനുള്ള മായങ്കിന്റെ ശ്രമം പാളി. 

മായങ്കിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയുള്ള ഓസ്‌ട്രേലിയയുടെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിധിച്ചു. മായങ്ക് റിവ്യു എടുത്തെങ്കിലും പന്ത് ആദ്യം പാഡിലാണ് കൊണ്ടതെന്നും, സ്റ്റംപ് ഇളക്കുന്നതായും റീപ്ലേകളില്‍ വ്യക്തമായി. വിക്കറ്റ് നഷ്ടമായെങ്കിലും ക്ലാസിക് ഷോട്ടുകളിലൂടെ ബൗണ്ടറി കണ്ടെത്തി ഗില്‍ ഇന്ത്യയെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് കരകയറ്റി. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ രണ്ട് വട്ടമാണ് ഗില്‍ ബൗണ്ടറി കടത്തിയത്. ഏഴാം ഓവറിലെ നാലാമത്തെ ഡെലിവറി മിഡ് വിക്കറ്റിലൂടെ പുള്‍ ചെയ്ത് ബൗണ്ടറിയാക്കിയ സ്റ്റാര്‍ക്ക്, ഓവറിലെ അവസാനത്തെ ഡെലിവറി ഫഌക്ക് ചെയ്ത് ഫൈന്‍ ലെഗിലൂടെ അതിര്‍ത്തി കടത്തി. രണ്ടാം ദിനം ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങാന്‍ ഗില്ലിന്റെ പോസിറ്റീവ് ക്രിക്കറ്റ് ഇന്ത്യയെ തുണയ്ക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com