17 വര്‍ഷം മുന്‍പ് സെവാഗ് ഇവിടെ ഒറ്റയ്ക്ക് നേടിയത് 195 റണ്‍സ്; ബൗണ്ടറി കണക്കിലും ഒപ്പം പിടിക്കാനാവാതെ ഓസീസ്‌

17 വര്‍ഷം മുന്‍പ് ഈ സ്‌കോര്‍ മെല്‍ബണില്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഒറ്റയ്ക്ക് നേടിയിരുന്നു
ബോക്‌സിങ് ഡേ ടെസ്റ്റില്‍ റിഷഭ് പന്ത്/ഫോട്ടോ: എപി
ബോക്‌സിങ് ഡേ ടെസ്റ്റില്‍ റിഷഭ് പന്ത്/ഫോട്ടോ: എപി

മെല്‍ബണ്‍: ആദ്യ ടെസ്റ്റില്‍ നാണക്കേടിലേക്ക് വീണെങ്കിലും രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 195 റണ്‍സിന് ഓള്‍ഔട്ടാക്കി ഇന്ത്യ തിരിച്ചു വന്നു. ഓസ്‌ട്രേലിയ ഓള്‍ ഔട്ടായ സ്‌കോറാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണില്‍ ഉടക്കുന്നത്. 17 വര്‍ഷം മുന്‍പ് ഈ സ്‌കോര്‍ മെല്‍ബണില്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഒറ്റയ്ക്ക് നേടിയിരുന്നു. 

ഇന്ന് സ്മിത്ത് ഉള്‍പ്പെട്ട ഓസീസ് ബാറ്റിങ് നിര നേടിയ 195 റണ്‍സ്, അന്ന് സെവാഗ് ഒറ്റയ്ക്ക് അടിച്ചെടുത്തു. മാത്രമല്ല, ഇന്നത്തെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സ്‌ട്രൈക്ക്‌റേറ്റ്, ബൗണ്ടറി കണക്ക് എന്നിവയ്‌ക്കെല്ലാം മുകളിലുമാണ് സെവാഗിന്റെ ഇന്നിങ്‌സ്. 

മെല്‍ബണില്‍ 2003ല്‍ സെവാഗ് 195 റണ്‍സ് നേടിയപ്പോള്‍ ബാറ്റില്‍ നിന്ന് വന്നത് അഞ്ച് സിക്‌സും 25 ഫോറും. എന്നാല്‍ ഇന്ന് പെയ്‌നും കൂട്ടരും ചേര്‍ന്ന് അടിച്ചത് 18 ഫോര്‍. 233 പന്താണ് 195 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സെവാഗിന് വേണ്ടിവന്നത്. എന്നാല്‍ ഓസ്‌ട്രേലിയ ഇന്ന് 195 റണ്‍സ് എടുത്തത് 435 പന്തില്‍ നിന്നും. 

മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തിട്ടും കാര്യങ്ങള്‍ ഓസീസില്‍ നിന്ന് അകന്ന് പോവുകയായിരുന്നു. ബൂമ്ര നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അശ്വിന്‍ മൂന്ന് വിക്കറ്റും, അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. 48 റണ്‍സ് നേടിയ ലാബുഷെയ്ന്‍ ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com