ഇന്ത്യന്‍ കുപ്പായത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന്‍; ഹൈദരാബാദില്‍ നിന്ന് മെല്‍ബണിലേക്കുള്ള സിറാജിന്റെ യാത്ര

രാജ്യാന്തര ടെസ്റ്റ് കരിയറിലെ തന്റെ ഏഴാമത്തെ ഓവറില്‍ ഹൈദരാബാദില്‍ നിന്നെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന് ആദ്യ വിക്കറ്റ്
മെല്‍ബണില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജും, ജസ്പ്രീത് ബൂമ്രയും/ ഫോട്ടോ: എപി
മെല്‍ബണില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജും, ജസ്പ്രീത് ബൂമ്രയും/ ഫോട്ടോ: എപി

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ബൂമ്ര, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ശേഷമാണ് രഹാനെ പന്ത് അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന്റെ കൈകളിലേക്ക് നല്‍കിയത്. രാജ്യാന്തര ടെസ്റ്റ് കരിയറിലെ തന്റെ ഏഴാമത്തെ ഓവറില്‍ ഹൈദരാബാദില്‍ നിന്നെത്തിയ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന് ആദ്യ വിക്കറ്റ്. 

പിതാവിന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ വേണ്ടി കരുത്തനായിരിക്കൂ...പിതാവിന്റെ വിയോഗ വാര്‍ത്തയില്‍ മുഹമ്മദ് സിറാജിന് പിടിച്ചു നില്‍ക്കാന്‍ കരുത്തേകി കോഹ്‌ലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ തുടക്കത്തിലാണ് സിറാജിന്റെ പിതാവ് മരിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ സൗകര്യം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ടീമിനൊപ്പം തുടരാനായിരുന്നു സിറാജിന്റെ തീരുമാനം. 

ക്ലാസ് കട്ട് ചെയ്ത് ടെന്നീസ് ബോള്‍ ക്രിക്കറ്റ്

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രിക്കറ്റിലേക്കുള്ള സിറാജിന്റെ വരവ്. തന്റെ ടീം ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്‍ര് ജയിച്ചതോടെ ക്രിക്കറ്റ് മുറുകെ പിടിച്ചു. ക്ലാസ് കട്ട് ചെയ്ത് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കാനായി ശ്രദ്ധയെല്ലാം. പേസും, വിക്കറ്റ് വാരിക്കൂട്ടാനുള്ള കഴിവും ബഞ്ചാരയില്‍ മുഹമ്മദ് സിറാജിന്റെ പേര് ഉയര്‍ത്തി. 

2015ന് മുന്‍പ് മുഹമ്മദ് സിറാജ് ക്രിക്കറ്റ് ബോളില്‍ കളിച്ചിട്ടില്ല. പിന്നാലെ ഹൈദരാബാദിന്റെ അണ്ടര്‍ 23 ടീമിലേക്ക്. അവിടെ നിന്ന് സീനിയര്‍ ടീമിലേക്കും...

ഉയര്‍ച്ച

2016-17ല്‍ ഹൈദരാബാദിനൊപ്പമുള്ള ഫുള്‍ സീസണ്‍. രഞ്ജി ട്രോഫിയില്‍ ആ സീസണില്‍ 18.92 എന്ന ശരാശരിയില്‍ 41 വിക്കറ്റാണ് സിറാജ് പിഴുതത്. അതിന്റെ ബലത്തില്‍ 2011-12 സീസണിന് ശേഷം ആദ്യമായി ഹൈദരാബാദ് രഞ്ജി ട്രോഫി നോക്കൗട്ടിലെത്തി. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ 9 വിക്കറ്റ് വീഴ്ത്തി മുംബൈയെ സിറാജ് അസ്വസ്ഥരാക്കി. രഞ്ജി ട്രോഫിയിലെ മികവിന് പിന്നാലെ റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി ഇറാനി ട്രോഫിയില്‍ കളിക്കാന്‍ ക്ഷണം. 

ഐപിഎല്ലിലേക്ക് 

2017ല്‍ ഐപിഎല്‍ താര ലേലത്തില്‍ മുഹമ്മദ് സിറാജിന്റെ പേര് എത്തുമ്പോള്‍ 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിറാജിനെ സ്വന്തമാക്കിയത് 2.6 കോടി രൂപയ്ക്ക്. ആറ് കളിയില്‍ നിന്ന് ആ സീസണില്‍ സിറാജ് 10 വിക്കറ്റ് വീഴ്ത്തി. 

തൊട്ടടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക്. 11 കളിയില്‍ നിന്ന് അവിടെ 11 വിക്കറ്റ് വീഴ്ത്തി. എന്നാല്‍ 2019ല്‍ മികച്ച സീസണ്‍ സിറാജിന് ലഭിച്ചില്ല. 9 കളിയില്‍ ലഭിച്ചത് ഏഴ് വിക്കറ്റ് മാത്രം. 

റെഡ് ബോള്‍ ക്രിക്കറ്റ്

ഐപിഎല്ലില്‍ കളിക്കുമ്പോഴും ഡൊമസ്റ്റിക് ക്രിക്കറ്റില്‍ സിറാജ് ശ്രദ്ധ തുടര്‍ന്നു. 2018 വിജയ് ഹസാരെ ട്രോഫിയില്‍ വിക്കറ്റ് വേട്ടയില്‍ മുന്‍പില്‍ സിറാജ് ആയിരുന്നു. തന്റെ സീം മൂവ്‌മെന്റുകളിലൂടെയും, സര്‍പ്രൈസ് ബൗണ്‍സറുകളിലൂടേയും റെഡ് ബോള്‍ ക്രിക്കറ്റില്‍ സിറാജ് പേരെടുത്തു. 

2018ല്‍ 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റാണ് മുഹമ്മദ് സിറാജ് വീഴ്ത്തിയത്. സൗത്ത് ആഫ്രിക്ക എയ്ക്ക് എതിരായ രണ്ട് 5 വിക്കറ്റ് നേട്ടവും, ഓസ്‌ട്രേലിയക്കെതിരായ 8-59 ഫിഗറും ഇതില്‍ ഉള്‍പ്പെടുന്നു. ലാബുഷെയ്ന്‍, ഖവാജ, ട്രാവിസ് ഹെഡ് എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെതിരെയായിരുന്നു അത്. 

നിലവിലെ ഫോം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 3-8 എന്ന ഫിഗറോടെയാണ് മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിയുന്ന താരവുമായി മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ മത്സരത്തില്‍ നിന്ന് 5 വിക്കറ്റും സിറാജ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com