''42ാം വയസില്‍ പേസ് ഗ്രാന്‍ഡ് സ്ലാം നേടി, ഫെഡററെ നോക്കൂ; 2023ലെ ലോക കിരീടം നേടണം''

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്നതിന് ഇടയിലാണ് ശ്രീശാന്തിന്റെ പ്രതികരണം
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം
എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം

കൊച്ചി: 2023 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുക എന്നതാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത്. സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്നതിന് ഇടയിലാണ് ശ്രീശാന്തിന്റെ പ്രതികരണം. 

സ്‌പോര്‍ട്‌സില്‍ കൂടുതല്‍ ഒന്നും നേടിയെടുക്കാന്‍ സാധിക്കാതെ വരുന്ന പ്രായമാണ് ഇത്. എന്നാല്‍ 42ാം വയസില്‍ ലിയാന്‍ഡര്‍ പേസ് ഒരു ഗ്രാന്‍ഡ് സ്ലാം നേടി. റോജര്‍ ഫെഡററെ നോക്കൂ, ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു. 

ഇനി വരുന്ന ഒരു സീസണ്‍ മാത്രമായല്ല ഞാന്‍ നോക്കുന്നത്. അടുത്ത മൂന്ന് വര്‍ഷം ഞാന്‍ മുന്‍പില്‍ കാണുന്നു. 2023ലെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുക, കിരീടം നേടുക എന്നതാണ് എന്റെ ലക്ഷ്യം. ചരിത്രമെഴുതാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. 

സയിദ് മുഷ്താഖ് അലി ട്രോഫിക്ക് പുറമെ രഞ്ജി ട്രോഫി, ഇറാനി ട്രോഫി എന്നിവയിലും കളിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ വാങ്കടെയിലാണ് നമ്മുടെ ആദ്യ മത്സരം. അവിടെയാണ് ഞാന്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ജീവിതം കറങ്ങി വരികയാണ്, ശ്രീശാന്ത് പറഞ്ഞു. 

കേരളം ഒരിക്കലും ഈ ടൂര്‍ണമെന്റ് ജയിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വളരെ മികച്ച ടീമാണ് നമുക്കുള്ളത്. ഈ ടീമിന്റെ ഭാഗമാവുന്നത് എന്നെ വിസ്മയിപ്പിക്കുന്നു. തിരിച്ചു വരവ് നടത്തിയ എനിക്കുള്ള സമ്മാനമായി ട്രോഫി ജയിക്കുമെന്ന് സഞ്ജു സാംസണും, ടിനു യോഹന്നാനും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുഷ്താഖ് അലി ട്രോഫി ജയിക്കുക മാത്രമല്ല എന്റെ ലക്ഷ്യം. 

ഇറാനി ട്രോഫിയും രഞ്ജി കിരീടവും നേടണം. ഞാന്‍ നന്നായി കളിച്ചാല്‍ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഫിറ്റ്‌നസ് നിലനിര്‍ത്തുകയും, നന്നായി പന്തെറിയുന്നത് തുടരുകയും ചെയ്യേണ്ടതുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com