തെറ്റുപറ്റിയിട്ടും ജഡേജയെ ചേർത്തുപിടിച്ചു, നായകന്റെ ആ പെരുമാറ്റത്തിന് കൈയടി; രഹാനയെ പുകഴ്ത്തി സോഷ്യൽ മീഡിയ 

ഔട്ട് ആയതിന് ശേഷം ജഡേജയുടെ അടുത്തെത്തി മികച്ച മുന്നേറ്റം നടത്താനുള്ള പ്രചോദനം നൽകുകയായിരുന്നു രഹാനെ
അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ/ ചിത്രം: ട്വിറ്റർ
അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ/ ചിത്രം: ട്വിറ്റർ

മെൽബൺ: ഓസ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യൻ ആരാധകർക്ക് ആവേശം പകർന്നത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ പ്രകടനമാണ്. നായകനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി രവീന്ദ്ര ജഡേജയും മികച്ച കളി പുറത്തെടുത്തു. എന്നാൽ അപ്രതീക്ഷിത സിം​ഗിളിനായി ഓടുന്നതിനിടെ രഹാനെ റൺഔട്ട് ആകുകയായിരുന്നു. 

ഇന്ത്യയുടെ ഇന്നിങ്‌സ് 100-ാം ഓവറിൽ എത്തിനിൽക്കെയായിരുന്നു അത്. 49 റൺസ് എന്ന നിലയിലാണ് ജഡേജയുടെ സ്‌കോർ. നതാൻ ലയോൺ എറിഞ്ഞ പന്ത് ഷോർട്ട് കവറിലേക്ക് തട്ടിയ ജഡേജ സിംഗിളെടുക്കാനായി ഓടി. പക്ഷെ നിർഭാഗ്യവശാൽ ഈ ശ്രമത്തിനിടയിൽ രഹാനെ റണ്ണൗട്ടിന് ഇരയാകേണ്ടിവന്നു. 

പുറത്താക്കപ്പെട്ടിട്ടും ക്യാപ്റ്റന്റെ പെരുമാറ്റമാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. ഔട്ട് ആയതിന് ശേഷം ജഡേജയുടെ അടുത്തെത്തി മികച്ച മുന്നേറ്റം നടത്താനുള്ള പ്രചോദനം നൽകുകയായിരുന്നു രഹാനെ. 112 റൺസ് എടുത്ത ശേഷമാണ് രഹാനെ ക്രീസ് വിട്ടത്. ഇന്ത്യ അപ്പോൾ ഓസ്‌ട്രേലിയയേക്കാൾ നൂറിലേറെ റൺസിന് മുന്നിലായിരുന്നു. അമ്പത് തികച്ച ജഡേജ പിന്നീട് കുമിൻസിന്റെ പന്തിൽ പുറത്തായി. 

അഞ്ചിന് 277 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 326 റൺസിന് ഓൾഔട്ടായി. ടീം സ്‌കോറിൽ 49 റൺസ് കൂടി ചേർക്കുന്നതിനിടെയാണ് അഞ്ചുവിക്കറ്റ് നഷ്ടമായത്.നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 195 റൺസിന് അവസാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com