പെലെയുടെ റെക്കോര്‍ഡ് മെസി തകര്‍ത്തിട്ടില്ല; മറികടക്കാന്‍ ഇനിയും വേണം 458 ഗോളുകള്‍!

പെലെയുടെ റെക്കോര്‍ഡ് മെസി തകര്‍ത്തിട്ടില്ല; മറികടക്കാന്‍ ഇനിയും വേണം 458 ഗോളുകള്‍!
പെലെ, മെസി/ ട്വിറ്റർ
പെലെ, മെസി/ ട്വിറ്റർ

റിയോ ഡി ജനീറോ: ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ബ്രസീല്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസി മറികടന്നത് കഴിഞ്ഞ ദിവസമാണ്. ആരാധകര്‍ ആഘോഷിച്ച റെക്കോര്‍ഡ് നേട്ടമായിരുന്നു അത്. പെലെ സാന്റോസിനായി 643 ഗോളുകള്‍ നേടി സ്ഥാപിച്ച റെക്കോര്‍ഡാണ് വല്ലാഡോളിഡിനെതിരായ പോരാട്ടത്തില്‍ വല ചലിപ്പിച്ച് ആകെ ഗോള്‍ നേട്ടം 644ല്‍ എത്തിച്ച് മെസി സ്വന്തം പേരിലാക്കിയത്. 

കരിയറില്‍ സാന്റോസിനായി 18 വര്‍ഷം കളിച്ചാണ് പെലെ 643 ഗോളുകള്‍ നേടിയത്. അതേസമയം പെലെയുടെ ഗോള്‍ നേട്ടം സംബന്ധിച്ച് തര്‍ക്കം നില്‍ക്കുന്നുണ്ട്. 

ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സാന്റോസ് ക്ലബ്. ലയണല്‍ മെസി പെലെയുടെ റെക്കോര്‍ഡ് തകര്‍ത്തിട്ടില്ലെന്നാണ് സാന്റോസ് ക്ലബ് പറയുന്നത്. 643 ഗോളുകള്‍ മാത്രമല്ല പെലെ ക്ലബിനായി നേടിയിട്ടുള്ളതെന്നും 448 ഗോളുകള്‍ കൂടി പെലെയുടെ പേരിലുണ്ടെന്നും സാന്റോസ് അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 448 ഗോളുകള്‍ സൗഹൃദ മത്സരത്തില്‍ പെലെ നേടിയതാണെന്ന് പറഞ്ഞാണ് കണക്കില്‍ പെടുത്താതെ മാറ്റിയിരിക്കുന്നത്. സൗഹൃദ പോരാട്ടമെന്താ മത്സരമല്ലേയെന്ന് ക്ലബ് ചോദിക്കുന്നു. 

'സാന്റോസ് എഫ്‌സിക്കായി കിങ് പെലെ നേടിയത് 1,091 ഗോളുകള്‍' എന്ന തലക്കെട്ടോടെ ക്ലബിന്റെ വെബ്‌സൈറ്റിലാണ് പുതിയ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാ മത്സരങ്ങള്‍ക്കും ക്ലബ് തുല്ല്യ പ്രാധാന്യമാണ് നല്‍കുന്നത്. അതിനാല്‍ സൗഹൃദ മത്സരത്തില്‍ നേടിയ 448 ഗോളുകള്‍ കണക്കില്‍പ്പെടുന്നതാണ്. അക്കാലത്തെ എണ്ണം പറഞ്ഞ ടീമുകള്‍ക്കെതിരെയുള്ള സൗഹൃദ പോരാട്ടത്തില്‍ തന്നെയാണ് പെലെയുടെ ഈ ഗോള്‍ നേട്ടങ്ങളെന്നും ക്ലബ് ചൂണ്ടിക്കാണിക്കുന്നു. 

1960കളിലെ ശക്തരായ ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനെതിരെ എട്ട് ഗോളുകള്‍ പെലെ നേടിയിട്ടുണ്ട്. ബാഴ്‌സലോണയ്‌ക്കെതിരെ നാല് ഗോളുകളും ബ്രസീല്‍ ഇതിഹാസം നേടിയിട്ടുണ്ട്. റയല്‍ മാഡ്രിഡ്, യുവന്റസ്, ലാസിയോ, നാപോളി, ബെന്‍ഫിക്ക, അന്റര്‍ലെറ്റ്, റിവര്‍ പ്ലേറ്റ്, ബൊക്ക ജൂനിയേഴ്‌സ്, റേസിങ്, യുനിവേഴ്‌സിഡാഡ് ഡെ ചിലി ടീമുകള്‍ക്കെതിരെയും പെലെ വല ചലിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇത്രയും കരുത്തരായ ടീമുകള്‍ക്കെതിരെ ഓഫീഷ്യല്‍ കുപ്പായത്തില്‍ എല്ലാ നിയമങ്ങളും പാലിച്ച് കളിക്കുന്ന പോരാട്ടത്തില്‍ നേടുന്ന ഗോളുകള്‍ എങ്ങനെയാണ് കണക്കില്‍ വരാത്തതെന്നും കുറിപ്പില്‍ ക്ലബ് ചോദിക്കുന്നു. അതിനാല്‍ തന്നെ മെസിക്ക് പെലെയുടെ റെക്കോര്‍ഡ് മറികടക്കണമെങ്കില്‍ ഇനി 458 ഗോളുകള്‍ കൂടി നേടേണ്ടിയിരിക്കുന്നുവെന്നും സാന്റോസ് ക്ലബ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com