'ഇടം കൈയന്‍മാരെ കൊന്ന് കൊലവിളിക്കും'- മുത്തയ്യ മുരളീധരനെ പിന്തള്ളി അപൂർവ റെക്കോർഡ് സ്വന്തമാക്കി ആർ അശ്വിൻ

'ഇടം കൈയന്‍മാരെ കൊന്ന് കൊലവിളിക്കും'- മുത്തയ്യ മുരളീധരനെ പിന്തള്ളി അപൂർവ റെക്കോർഡ് സ്വന്തമാക്കി ആർ അശ്വിൻ
ആര്‍ അശ്വിന്‍/ ട്വിറ്റർ
ആര്‍ അശ്വിന്‍/ ട്വിറ്റർ

മെല്‍ബണ്‍: ഇന്ത്യയിലെ സ്പിന്നര്‍മാരില്‍ താന്‍ തന്നെയാണ് മികച്ചവനെന്ന് അടിവരയിടുന്ന പ്രകടനമാണ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്തെടുത്തത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ച വെറ്ററന്‍ താരം ഒന്നാം ഇന്നിങ്‌സില്‍ മൂന്നും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി മൊത്തം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 

ഇപ്പോഴിതാ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ഒരു അപൂര്‍വ റെക്കോര്‍ഡും അശ്വിന്‍ മറികടന്നു. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ എന്ന അപൂര്‍വ റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. 191 തവണ ഇടംകൈയന്‍മാരെ പുറത്താക്കിയാണ് മുത്തയ്യ ഒന്നാം സ്ഥാനത്ത് നിന്നത്. ഈ നേട്ടം 192 വിക്കറ്റുകള്‍ ആക്കി മാറ്റിയാണ് അശ്വിന്‍ മറികടന്നത്. 

ഓസ്‌ട്രേലിയയുടെ ജോഷ് ഹാസ്‌ലെവുഡിനെ ബൗള്‍ഡാക്കിയാണ് അശ്വിന്റെ റെക്കോര്‍ഡ് നേട്ടം. അശ്വിന്റെ 192ാം ഇരയാണ് ഇടംകൈയനായ ഹാസ്‌ലെവുഡ്. 186 വിക്കറ്റുകളുമായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനാണ് മൂന്നാം സ്ഥാനത്ത്. ഓസീസ് ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്താണ് നാലാം സ്ഥാനത്ത്. 172 തവണയാണ് മഗ്രോ ഇടംകൈയന്‍മാരെ മടക്കിയത്. ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ 172 വിക്കറ്റുകളുമായി അഞ്ചാമതും ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ 167 വിക്കറ്റുകളുമായി ആറാമതും നില്‍ക്കുന്നു. 

ഓസ്‌ട്രേലിയക്കെതിരായ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ വിക്കറ്റ് വേട്ടയിലും അശ്വിനാണ് മുന്നില്‍. 10 വിക്കറ്റുകളാണ് രണ്ട് മത്സരങ്ങളില്‍ നിന്നുമായി അശ്വിന്‍ വീഴ്ത്തിയത്. പത്ത് വിക്കറ്റുകള്‍ നേടി പാറ്റ് കമ്മിന്‍സും ഒപ്പമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com