കോഹ്‌ലിയെപ്പോലെയല്ല, രഹാനെ ശാന്തന്‍ പക്ഷേ, കുശാഗ്രബുദ്ധി; പ്രശംസ ചൊരിഞ്ഞ് ശാസ്ത്രി

കോഹ്‌ലിയെപ്പോലെയല്ല, രഹാനെ കുശാഗ്രബുദ്ധിയായ നായകന്‍; പ്രശംസ ചൊരിഞ്ഞ് ശാസ്ത്രി
രവിശാസ്ത്രി/എഎന്‍ഐ, ട്വിറ്റര്‍
രവിശാസ്ത്രി/എഎന്‍ഐ, ട്വിറ്റര്‍

മെല്‍ബണ്‍: അജിങ്ക്യ രഹാനെ കുശാഗ്ര ബുദ്ധിയായ നായകനാണെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. രഹാനെയുടെ ഇന്നിങ്‌സാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായതെന്ന് ശാസ്ത്രി പറഞ്ഞു.

''കുശാഗ്ര ബുദ്ധിയായ നായകനാണ് രഹാനെ. അതേസമയം കളിയെ കൃത്യമായി വായിച്ചെടുക്കുന്നുമുണ്ട്''- കളിക്കു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ശാസ്ത്രി പറഞ്ഞു. രഹാനെ ശാന്തനാണ്. അത് അരങ്ങേറ്റക്കാരെയും ബൗളര്‍മാരെയും ഒരുപാടു സഹായിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ശാസ്ത്രി പറഞ്ഞു. ഉമേഷ് യാദവ് പരുക്കേറ്റു പുറത്തുപോയിട്ടും ശാന്തത കൈവിടാതെ സാഹചര്യത്തെ നേരിടാന്‍ രഹാനെയ്ക്കായി.

രഹാനെയുടെയും കോഹ്ലിയുടെയും ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്യാനാവുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ശാസ്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''രണ്ടു പേരും കളിയെ കൃത്യമായി മനസ്സിലാക്കുന്നവരാണ്. വിരാട് അത്യാവേശത്തോടെ പ്രതികരിക്കുന്നയാളാണ്, അജിങ്ക്യ അങ്ങനെയല്ല. സദാസമയവും ശാന്തനാണ്. അത് അവരുടെ സ്വഭാവത്തിലുള്ള വ്യത്യാസമാണ്''

രഹാനെയുടെ സെഞ്ച്വറിയാണ് കളിയുടെ ഗതി മാറ്റിയതെന്ന് ശാസ്ത്രി പറഞ്ഞു. അവിശ്വസനീയമായ ശ്രദ്ധയോടെയാണ് രഹാനെ ബാറ്റ് ചെയ്തത്. 60ന് രണ്ട് എന്ന നിലയിലായിരുന്നു നമ്മള്‍. അവിടെ നിന്ന് ആറു മണിക്കൂറാണ് അജിങ്ക്യ ക്രീസിന്‍  നിന്നത്. അതു തീച്ചയായും മത്സരത്തിലെ വഴിത്തിരിവായ സമയമാണ്.- ശാസ്ത്രി പറഞ്ഞു.

എട്ടു വിക്കറ്റിനാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. വിജയലക്ഷ്യമായ 70 റണ്‍സ് ഇന്ത്യ അനായാസം മറികടന്നു. ശുഭ്മാന്‍ ഗില്ലും രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. 35 റണ്‍സുമായി ഗില്ലും 27 റണ്‍സുമായി രഹാനെയും പുറത്താകാതെ നിന്നു. 15 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

നാലാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 200 റണ്‍സിന് പുറത്തായി.ആറുവിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയയുടെ നാലുവിക്കറ്റുകള്‍ 67 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ വീഴുകയായിരുന്നു. പി ജെ കമ്മിന്‍സിന്റെയും സി ഗ്രീനിന്റെയും വിക്കറ്റുകളാണ് ആദ്യം വീണത്. 14 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നില്‍ക്കുന്നു. മികച്ച ഫോമില്‍ കളിച്ച ഗ്രീനിന്റെ വിക്കറ്റ് നേടാന്‍ കഴിഞ്ഞത് ഇന്ത്യക്ക് മേല്‍ക്കൈ നേടി കൊടുത്തത്. പാറ്റ് കമ്മിന്‍സിനെ ബ്രൂമ്ര പുറത്താക്കിയപ്പോള്‍ മികച്ച പ്രതിരോധം കാഴ്ചവെച്ച ഗ്രീനിന്റെ വിക്കറ്റ് നേടിയത് മുഹമ്മദ് സിറാജാണ്.  മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. മൂന്ന് വിക്കറ്റുകളാണ് സിറാജ് നേടിയത്.

മെല്‍ബണിലെ വിജയത്തോടെ പരമ്പര 1-1 സമനിലയിലായി. ജനുവരി ഏഴിന് സിഡ്‌നിയിലാണ് അടുത്ത ടെസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com