എവിടെയാവും രോഹിത് ബാറ്റ് ചെയ്യുക, പുറത്തേക്ക് പോവുക അഗര്‍വാളോ വിഹാരിയോ? സിഡ്‌നി ടെസ്റ്റിലെ ചോദ്യങ്ങള്‍

മൂന്നാം ടെസ്റ്റിനായി ഇറങ്ങുന്നതിന് മുന്‍പ് പ്ലേയിങ് ഇലവില്‍ കടുത്ത തീരുമാനങ്ങള്‍ രഹാനേയ്ക്കും കൂട്ടര്‍ക്കും എടുക്കേണ്ടതായുണ്ട്...
രോഹിത് ശര്‍മ/ഫയല്‍ ഫോട്ടോ
രോഹിത് ശര്‍മ/ഫയല്‍ ഫോട്ടോ

മെല്‍ബണ്‍: രണ്ടാം ടെസ്റ്റില്‍ അഞ്ച് ബൗളര്‍മാരെ ഇറക്കിയ ഇന്ത്യയുടെ തന്ത്രം ഫലം കണ്ടു. എന്നാല്‍ മൂന്നാം ടെസ്റ്റിനായി ഇറങ്ങുന്നതിന് മുന്‍പ് പ്ലേയിങ് ഇലവില്‍ കടുത്ത തീരുമാനങ്ങള്‍ രഹാനേയ്ക്കും കൂട്ടര്‍ക്കും എടുക്കേണ്ടതായുണ്ട്...

രോഹിത് ശര്‍മ മൂന്നാം ടെസ്റ്റ് കളിക്കുമെന്ന് ഏറെ കുറെ ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഓപ്പണ്‍ ചെയ്യുമോ, മധ്യനിരയില്‍ കളിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ ടെസ്റ്റ് ഓപ്പണറുടെ റോളില്‍ കളിച്ചപ്പോള്‍ രോഹിത് വലിയ മികവ് പുറത്തെടുത്തു. എന്നാല്‍ മാച്ച് പ്രാക്ടീസിന്റെ അഭാവം, ക്വാറന്റൈന്‍ കഴിഞ്ഞെത്തുന്ന മാനസികാവസ്ഥ എന്നിവ രോഹിത്തിനെ ഓപ്പണിങ്ങില്‍ ഇറക്കുന്നതില്‍ നിന്ന് ടീം മാനേജ്‌മെന്റിനെ പിന്നോട്ട് വലിച്ചേക്കും. 

നിലവിലെ ശാരീരികാവസ്ഥ എവിടെ എത്തി നില്‍ക്കുന്നു എന്ന് രോഹിത്തിനോട് ഞങ്ങള്‍ സംസാരിക്കും. കാരണം ഏതാനും ആഴ്ചയായി ക്വാറന്റൈനിലാണ് രോഹിത്. പ്ലേയിങ് ഇലവനിലെ തീരുമാനം എടുക്കുന്നതിന് മുന്‍പ് രോഹിത്തിനോട് ചോദിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞിരുന്നു. 

പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ പാകത്തില്‍ പ്രകടനം മെല്‍ബണില്‍ ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തിട്ടുണ്ട്. ഇതോടെ മായങ്ക് അഗര്‍വാളിനാണ് സ്ഥാനം നഷ്ടമാവാന്‍ പോവുന്നത്. രണ്ട് ടെസ്റ്റില്‍ നിന്ന് ഒരിക്കല്‍ മാത്രമാണ് മായങ്ക് രണ്ടക്കം സ്‌കോര്‍ കടത്തിയത്. 

കഴിഞ്ഞ 18 മാസത്തിന് ഇടയില്‍ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും നേടിയ മായങ്കിനെ ബെഞ്ചിലിരുത്തുക എന്നത് പ്രധാനപ്പെട്ട തീരുമാനമാവും. വലിയ ഇടവേളയ്ക്ക് ശേഷം വരുന്ന രോഹിത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ തയ്യാറാവുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ഇന്ത്യന്‍ മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

രോഹിത്തില്‍ നിന്ന് എന്ത് റോള്‍ ആണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. അതും ഒരു ഘടകമാണ്. ടീമിന് പറക്കും തുടക്കം നല്‍കണമെന്നാകുമോ, അതല്ലെങ്കില്‍ മധ്യനിരയില്‍ നങ്കൂരമിടാനാവുമോ രോഹിത്തിനോട് ആവശ്യപ്പെടുക? വെങ്‌സര്‍ക്കാര്‍ ചോദിക്കുന്നു. 

അഗര്‍വാളിനേയും വിഹാരിയേയും പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കണം എന്നാണ് മറ്റൊരു മുന്‍ ചീഫ് സെലക്ടറായ ദിലീപ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. രോഹിത് മധ്യനിരയിലേക്ക് പോവണം എന്നും, രാഹുല്‍ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം എന്നുമാണ് വെങ്‌സര്‍ക്കാറിന്റെ വാദം. 

വളരെ ആകര്‍ഷകമായിരുന്നു ഗില്ലിന്റെ ബാറ്റിങ്. വലിയ കഴിവുള്ള താരമാണ്. രണ്ട് ഇന്നിങ്‌സിലും, മികച്ച സ്‌കില്ലും, പക്വതയും ഗില്‍ പുറത്തെടുത്തു. അഗര്‍വാളിന്റെ സ്ഥാനത്ത് രാഹുലിനേയും, വിഹാരിയുടെ സ്ഥാനത്ത് രോഹിത്തിനേയുമാണ് ഞാന്‍ നിര്‍ത്തുക. നിങ്ങളുടെ ഫോമില്‍ നില്‍ക്കുന്ന താരമാണ് രാഹുല്‍. അഗര്‍വാളും മികച്ച താരമാണ്. പക്ഷേ ആത്മവിശ്വാസം തോന്നിക്കുന്നില്ല, വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com