വാര്‍ണറുടെ കാര്യത്തില്‍ അറ്റകൈക്ക് ഓസ്‌ട്രേലിയ, 100 ശതമാനം ഫിറ്റ്‌നസ് നേടിയില്ലെങ്കിലും കളിപ്പിക്കും

ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തില്ലെങ്കില്‍ പോലും ഡേവിഡ് വാര്‍ണറെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നതെന്ന് അസിസ്റ്റന്റ് കോച്ച് ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്
ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം
ഡേവിഡ് വാര്‍ണര്‍/ ഫയല്‍ ചിത്രം

മെല്‍ബണ്‍: ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തില്ലെങ്കില്‍ പോലും ഡേവിഡ് വാര്‍ണറെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നതെന്ന് അസിസ്റ്റന്റ് കോച്ച് ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്. ജനുവരി ഏഴിനാണ് ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റ്. 

പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റും വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു. മൂന്നാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയയുടെ 18 അംഗ സംഘത്തില്‍ വാര്‍ണറുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്ലേയിങ് ഇലവനിലേക്ക് വാര്‍ണര്‍ എത്തുമോയെന്ന് വ്യക്തമല്ല. ഓപ്പണര്‍ ജോ ബേണ്‍സിനെ ഓസ്‌ട്രേലിയ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 

വാര്‍ണര്‍ ചിലപ്പോള്‍ 100 ശതമാനവും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടാവില്ല. 95-95 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട് എങ്കില്‍, കളിക്കാന്‍ പ്രാപ്തമാണ് എങ്കില്‍ ദേശീയ ടീമിന് വേണ്ടിയുള്ള ജോലി നിറവേറ്റാന്‍ വാര്‍ണര്‍ ഇറങ്ങും. കളിക്കാരനുമായി കോച്ച് നടത്തുന്ന ആശയ വിനിമയത്തിലാണ് ഇവിടെ ഉത്തരം ലഭിക്കുക, ഓസീസ് അസിസ്റ്റന്റ് കോച്ച് പറഞ്ഞു. 

എല്ലായ്‌പ്പോഴും കളിക്കാരോട് തുറന്ന സമീപനമാണ് കോച്ച് ജസ്റ്റിന്‍ ലാംഗറിന്റേത്. പുകോവ്‌സ്‌കിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ പരിശീലനം പുനരാരംഭിച്ച് എത്ര പെട്ടെന്ന് സെലക്ഷന് ലഭ്യമാവാന്‍ സാധിക്കും യുവ താരത്തിന് മുന്‍പിലുള്ള വിഷയമെന്നും അദ്ദേഹം പറഞ്ഞു. 

ആദ്യ രണ്ട് ടെസ്റ്റുകളിലും മാത്യു വേഡും, ജോ ബേണ്‍സുമാണ് ഓസീസിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ നാല് ഇന്നിങ്‌സിലായി ഒരു അര്‍ധ ശതകം മാത്രമാണ് ബേണ്‍സിന് നേടാനായത്. മൂന്നാം ടെസ്റ്റില്‍ വാര്‍ണര്‍ അല്ലെങ്കില്‍ പുകോവ്‌സ്‌കി ഓപ്പണിങ്ങിലേക്ക് എത്തുമെന്ന് വ്യക്തമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com