പരിക്കേറ്റ ഉമേഷ് യാദവ് ഇന്ത്യയിലേക്ക് മടങ്ങി, പകരം നടരാജന്‍ ടീമിലേക്ക്‌

ബുധനാഴ്ച രാത്രിയോടെ ഉമേഷ് യാദവ് മെല്‍ബണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതായാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്
ആദ്യ വിക്കറ്റ് നേട്ടം സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന ഉമേഷ് യാദവ്/ ചിത്രം: ട്വിറ്റർ
ആദ്യ വിക്കറ്റ് നേട്ടം സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന ഉമേഷ് യാദവ്/ ചിത്രം: ട്വിറ്റർ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് ഇന്ത്യയിലേക്ക് തിരിച്ചു. ബുധനാഴ്ച രാത്രിയോടെ ഉമേഷ് യാദവ് മെല്‍ബണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതായാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്. 

ഇനി വരുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി പരിക്കില്‍ നിന്ന് മുക്തനാവുകയാണ് താരത്തിന്റെ ലക്ഷ്യം. മെല്‍ബണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് തന്റെ നാലാം ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ഉമേഷ് യാദവ് ഗ്രൗണ്ടില്‍ നിന്ന് മുടന്തി മടങ്ങിയത്. 

സ്‌കാന്‍ റിപ്പോര്‍ട്ട് വന്നതോടെ മൂന്നും നാലും ടെസ്റ്റ് ഉമേഷ് യാദവിന് കളിക്കാനാവില്ലെന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ തന്നെ താരത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ കാര്യമില്ല. അതിനാലാണ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ റിഹാബിറ്റേഷനായി വിട്ടത്. ടി നടരാജനെ സ്‌ക്വാഡിന്റെ ഭാഗമാക്കാന്‍ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ഇഷാന്ത് ശര്‍മയ്ക്ക് കളിക്കാനാവില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. പിന്നാലെ ആദ്യ ടെസ്റ്റില്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റു, രണ്ടാമത്തെ ടെസ്റ്റില്‍ ഉമേഷ് യാദവും പരിക്കേറ്റ് മടങ്ങുന്നു. പരമ്പര പിടിക്കാന്‍ ഇറങ്ങുന്ന ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. 

അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ മെല്‍ബണില്‍ ഇറങ്ങിയത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയം പിടിച്ചതിന് ശേഷം ജയത്തിന്റെ ക്രഡിറ്റ് അരങ്ങേറ്റക്കാരായ മുഹമ്മദ് സിറാജിനും, ശുഭ്മാന്‍ ഗില്ലിനുമാണ് രഹാനെ നല്‍കിയത്. അഡ്‌ലെയ്ഡിലെ തോല്‍വിക്ക് ശേഷം ടീം പുറത്തെടുത്ത മനോഭാവം വലിയ സന്തോഷം നല്‍കുന്നതായും രഹാനെ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com