കേമന്‍മാര്‍ കോഹ്‌ലിയും സ്മിത്തും, അവര്‍ക്കെതിരെ കളിക്കാനായത് ഭാഗ്യം; ഒന്നാം റാങ്കിന് പിന്നാലെ കെയ്ന്‍ വില്യംസണ്‍

ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതാണ് റാങ്കിങ്ങില്‍ പ്രകടമാവുന്നത് എന്ന് ലോക ടെസ്റ്റ് ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസണ്‍
വിരാട് കോഹ്‌ലി, വില്യംസണ്‍/ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി, വില്യംസണ്‍/ഫയല്‍ ഫോട്ടോ

വെല്ലിങ്ടണ്‍: ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതാണ് റാങ്കിങ്ങില്‍ പ്രകടമാവുന്നത് എന്ന് ലോക ടെസ്റ്റ് ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസണ്‍. കോഹ് ലിയും സ്റ്റീവ് സ്മിത്തുമാണ് മികച്ചവര്‍. അവര്‍ക്കെതിരെ കളിക്കാനായത് ഭാഗ്യമായി കാണുന്നു, വില്യംസണ്‍ പറഞ്ഞു. 

ലോക ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ് ലി, സ്മിത്ത് എന്നിവരെ തള്ളിയാണ് വില്യംസണ്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇരട്ട ശതകവും, പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയുമാണ് ന്യൂസിലാന്‍ഡ് നായകന്റെ റാങ്കിങ്ങിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. 

ടീമിന് വേണ്ടി കഴിയാവുന്ന അത്ര ചെയ്യുകയാണ് കാര്യം. നമുക്ക് സാധ്യമായത് എന്തോ അത്രമാത്രം ചെയ്യാന്‍ സാധിച്ചാല്‍ അത് റാങ്കിങ്ങിലും പ്രതിഫലിക്കും, വില്യംസണ്‍ പറഞ്ഞു. കോഹ് ലിയും സ്മിത്തുമാണ് മികച്ചവര്‍. ഓരോ വര്‍ഷവും മൂന്ന് ഫോര്‍മാറ്റിലും മികവ് കാണിച്ച് അവര്‍ കളിയെ മുന്‍പോട്ട് കൊണ്ടുപോവുന്നു, വില്യംസണ്‍ പറഞ്ഞു. 

ടെസ്റ്റ് റാങ്കിങ്ങില്‍ 2015ലും വില്യംസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ കോഹ് ലി, സ്മിത്ത് എന്നിവരുടെ ആധിപത്യമാണ് റാങ്കിങ്ങിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ പിന്നെ കണ്ടത്. ഈ വര്‍ഷം 313 ദിവസമാണ് സ്മിത്ത് ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. കോഹ് ലി ഒന്നാമതായത് 51 ദിവസവും. 

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ 129 റണ്‍സ് പ്രകടനത്തോടെ 13 റേറ്റിങ് പോയിന്റ്‌സ് ആണ് വില്യംസണിന് ലഭിച്ചത്. ഇതോടെ കോഹ് ലിയേക്കാള്‍ 11 പോയിന്റ് കൂടുതല്‍ വില്യംസണിനായി. അതിരുകള്‍ കടന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസരത്തിനായുള്ള വേട്ട വിസ്മയിപ്പിക്കുന്നതാണെന്നും വില്യംസണ്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com